വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരാണ് ആ സൗഹൃദകൂട്ടായ്മ. രണ്ടുദശാബ്ദത്തിലധികം വേരുറച്ചതാണ്. ഇടയ്ക്കിടെ ഒത്തുകൂടുമ്പോൾ തങ്ങളുടെ ജോലിയെയും സ്ഥാപനത്തെയും പറ്റി പറയും. ചർച്ചയ്ക്ക് കൊഴുപ്പുകൂട്ടാൻ തങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ചിലർ പെരുപ്പിച്ച് പറയാറുണ്ട്. ചർച്ചയുടെ തീയും പുകയും ശമിക്കുമ്പോൾ പഴയ പോലെ ഉത്തമസുഹൃത്തുക്കളായിമാറും.
നിസാർ പൊലീസ് വകുപ്പിലാണ്. കാക്കിയ്ക്കുള്ളിലും കവിതയും പാട്ടുകളും സ്നേഹിക്കുന്ന ഹൃദയത്തിനുടമ. എഴുത്തിലും സ്വന്തം ശൈലി. നിസാർ ഒരു റിപ്പോർട്ട് തയ്യാറാക്കിയാൽ ഏതു കോടതിയിലും ചോദ്യം ചെയ്യപ്പെടില്ല. ഒരു പിഴവ് കണ്ടുപിടിക്കാൻ പറ്റില്ലെന്നൊരു വിശ്വാസം വകുപ്പിലും ഉന്നത ഉദ്യോഗസ്ഥരുടെ മനസിലും പൊതുവേയുണ്ട്. പൊലീസിലെ ചില മുടിയന്മാരായ പുത്രന്മാർ വരുത്തിവയ്ക്കുന്ന ദുഷ്പേരുകൾ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി വക്കീലായ ഹരിദാസ് കത്തിക്കയറി. കാക്കിവേഷമിടുന്ന കെ.എസ്.ആർ.ടി.സി, വനം വകുപ്പ് ഉദ്യോഗസ്ഥരും അതുകേട്ടിരുന്നു. കൂട്ടത്തിലെ കോളേജ് അദ്ധ്യാപകനും വക്കീലിന്റെ പക്ഷത്തായി. എല്ലാം കേട്ടിരുന്ന നിസാർ തന്റെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ അടുത്തിടെ വിരമിച്ച കാര്യമാണ് സൂചിപ്പിച്ചത്.
ഡിവൈ.എസ്.പിമാരായ അബ്ദുൾ ഖാദറും ദത്തനും. ഇരുവരും സഹപ്രവർത്തകർക്ക് പ്രിയപ്പെട്ടവർ. കൈക്കൂലിയെന്ന് കേട്ടാൽതന്നെ ഇരുവർക്കും അലർജിയാണ്. അബ്ദുൾഖാദർ സമ്പന്നകുടുംബാംഗമാണ്. വിരമിച്ചപ്പോൾ സമ്മാനമായും മറ്റും കിട്ടിയ വലിയൊരു തുക നാട്ടിലെയും സഹപ്രവർത്തകർക്കിടയിലെയും സാധുക്കൾക്കുമായി വീതിച്ചു നൽകി. ഇനി അവരെയൊന്നും സഹായിക്കാൻ പറ്റിയില്ലെങ്കിലോ, ടെൻഷനും കഠിനാദ്ധ്വാനവും എല്ലാം തീർന്നു.ഇനി പാലാഴിയിൽ നീരാടി തുടിക്കണം. സ്നേഹത്തിനും സേവനത്തിനും സമൂഹക്ഷേമത്തിനുമായി ജീവിക്കണം എന്ന അർത്ഥത്തിലായിരുന്നു ആ പ്രയോഗം. പക്ഷേ ആ ലക്ഷ്യത്തിലേക്ക് രണ്ടുചുവടുവച്ചു നീങ്ങുംമുമ്പേ സഹപ്രവർത്തകർക്ക് റീത്തുമായി പോകേണ്ടിവന്നു. ഇനി സഹായിക്കാൻ പറ്റിയില്ലെങ്കിലോ എന്ന വാക്കിന്റെ വിദൂരാർത്ഥം അപ്പോഴാണ് പലർക്കും പിടികിട്ടിയത്.
നിർദ്ധനകുടുംബത്തിലായിരുന്നു ഡിവൈ.എസ്.പി ദത്തൻ ജനിച്ചതും വളർന്നതും. എസ്.എസ്.എൽ. സിക്ക് ആദ്യം പരാജയപ്പെട്ടു. ഒരു ട്യൂട്ടോറിയൽ കോളേജിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ നിന്നു കേട്ടവാക്കുകൾ ദൈവവചനം പോലെ വഴികാട്ടി. കൂലിവേല ചെയ്തുജീവിക്കാമെന്ന് തീരുമാനിച്ച മനസ് പിന്നീട് വിജയത്തിന്റെ പടവുകളിലേക്കായിരുന്നു. കഴിയുന്ന എല്ലാപേരെയും സഹായിക്കും. എല്ലാ മതവും ദൈവവും ഒന്നാണെന്നും സഹപ്രവർത്തകരെ ഓർമ്മിപ്പിക്കും. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും സുപ്രഭാതം നേരും. ദുരന്തനിവാരണവിഭാഗത്തിലായിരുന്നു സർവീസിന്റെ അവസാന സീനിൽ. കിട്ടുന്നതിൽ ഒരുവിഭാഗം അർഹരായവരെ സഹായിക്കാൻ വിനിയോഗിക്കും. കൊടുക്കുന്നത് ആ കൈ മാത്രമേ അറിയൂ. കൈയെത്തുന്നിടത്ത് ചോദിക്കാനും വാങ്ങാനും ഒരു ചെറുബാങ്ക് ഉള്ള പ്രതീതിയായിരുന്നു സഹപ്രവർത്തകർക്ക്. കൈക്കൂലി വാങ്ങുന്നവർമാത്രമേ അദ്ദേഹത്തിന് ശത്രുക്കളായിട്ടുള്ളൂ. എല്ലാവർക്കും അങ്ങോട്ട് സുപ്രഭാതം നേരുന്ന ദത്തൻ സാറിനോട് ഒരിക്കൽ നിസാർ ചോദിച്ചത്രേ! ജീവിതം സുപ്രഭാതം പോലെ സ്വസ്ഥമായിരിക്കും. ഉടൻവന്നു മറുപടി ഭാര്യ കിടപ്പിലാണ്. ഒരു മാരകരോഗമാണ് കൂട്ടിരിക്കുന്നത്. കാക്കി സ്നേഹത്തിന്റെ നിറം കൂടിയാണ്. മറ്റുള്ളവർക്ക് നന്മ നേരുമ്പോൾ നമ്മുടെ ദുഃഖവും കുറേ ഉരുകിപ്പോകും. കാക്കിക്ക് സ്വർണനിറമാകും. നിസാറിന്റെ വാക്കുകൾ കേട്ടപ്പോൾ കാക്കി യൂണിഫോമിടുന്ന സഹപ്രവർത്തകർ കൈയടിച്ചു. ശരീരത്തിന് പുറത്താണ് യൂണിഫോം. ഹൃദയത്തിനുള്ള യൂണിഫോം ദൈവം നൽകിയതാണ്, സ്നേഹത്തിന്റെ യൂണിഫോം.. എല്ലാവരുടെയും മുഖത്ത് ഹൃദയം നിറഞ്ഞ പുഞ്ചിരി പരന്നു.
(ഫോൺ: 9946108220)