തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്ത് ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തലസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജനതാ ഹോട്ടലുകൾ 30 കേന്ദ്രങ്ങളിൽ കൂടി വരുന്നു. ഇതിൽ 10 എണ്ണം ഡിസംബറിൽ തുറക്കും.
നിലവിൽ 70 ജനതാ ഹോട്ടലുകളാണ് ജില്ലയിലാകെ പ്രവർത്തിക്കുന്നത്. 13 എണ്ണം നഗരത്തിലും 57 എണ്ണം ഗ്രാമീണ മേഖലയിലും. ഇതിൽ 52 എണ്ണം പുതിയതായി തുടങ്ങിയവയാണ്. 18 ഹോട്ടലുകളെ കുടുംബശ്രീ കഫെകളാക്കി മാറ്റിയിട്ടുണ്ട്. എല്ലാ ഹോട്ടലുകളിലും പ്രതിദിനം 1000 ഊണുകൾ വിറ്റുപോകുന്നുണ്ട്. ഓവർബ്രിഡ്ജിലെ അനന്തപുരി കഫെയിലാണ് നഗരത്തിൽ വച്ച് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത്. ഇവിടെ നിന്ന് 1200 ഊണുകൾ വിറ്റുപോകുന്നുണ്ട്.
പ്രവർത്തനം ഇങ്ങനെ
സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ ആദ്യം 12 ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. അതാണിപ്പോൾ 70 ആയത്. തദ്ദേശ സ്ഥാപനങ്ങളാണ് ഹോട്ടലുകൾക്ക് വേണ്ട സ്ഥലസൗകര്യം ഒരുക്കി നൽകിയത്. ആഹാരം പാകം ചെയ്യുന്നത് കുടുംബശ്രീ അംഗങ്ങളായ തൊഴിലാളികളാണ്. പാചകത്തിനുള്ള സാമഗ്രികളും കുടുംബശ്രീയാണ് നൽകുന്നത്. സിവിൽ സപ്ളൈസാണ് സബ്‌സിഡി നിരക്കിൽ അരി നൽകുന്നത്. നഗരസഭയുടെ സ്വന്തം ഫണ്ടിൽ നിന്നും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സംഭാവനകളും ഇതിനായി ഉപയോഗിക്കും.
പ്രതിദിനം 300- 1200 ഊണ്
ഓരോ ദിവസവും 300 മുതൽ 1200 ഊണ് വരെയാണ് ജനതാ ഹോട്ടലുകളിൽ നിന്ന് വിറ്റുപോകുന്നത്. സ്ഥിരമായി 1000 ഊണുകൾ വിറ്റുപോകുന്ന ഹോട്ടലുകൾക്ക് ഒരു ഊണിന് 10 രൂപ വച്ച് പ്രതിമാസം 10,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്. പ്രതിമാസം 50,000 രൂപ മുതൽ 3.50 ലക്ഷം വരെ വരുമാനം ലഭിക്കുന്ന ഹോട്ടലുകൾ ജില്ലയിലുണ്ട്.
സൗജന്യ ഊണ്
ഭക്ഷണം വാങ്ങാൻ തീരെ നിവൃത്തിയില്ലാത്ത 250 ഓളം പേർക്ക് ലോക്ക് ഡൗൺ കാലത്ത് സൗജന്യമായി ഊണ് നൽകിയിരുന്നു. ഇപ്പോൾ 30 മുതൽ 50 വരെ ഊണ് സൗജന്യമായി നൽകുന്നുണ്ട്. നിലവിൽ പാഴ്സൽ സേവനമാണുള്ളത്. ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് ഇരുന്ന് കഴിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ജനകീയ ഹോട്ടലുകൾ ആ രീതിയിലേക്ക് മാറിയിട്ടില്ല. നാല് കറികളാണ് പാഴ്സലിലുള്ളത്. അധിക വിഭവങ്ങൾ വേണമെന്നുള്ളവർ അതിനുള്ള തുക കൂടി നൽകണം. ഹോട്ടലുകളുടെ വാടക, വൈദ്യുതി, വെള്ള ചാർജുകൾ എന്നിവയെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കുടുംബശ്രീ ഒരു ഹോട്ടലിന് രണ്ട് ലക്ഷം രൂപ സബ്‌സിഡി നൽകുന്നുണ്ട്.
ഒറ്റനോട്ടത്തിൽ
20 രൂപയ്ക്ക് ഊണ്
25 രൂപ മുടക്കിയാൽ പാഴ്സൽ വീട്ടുപടിക്കലെത്തും
5 രൂപ ഡെലിവറി ചാർജാണ്
ഊണിനൊപ്പം അച്ചാർ, തോരൻ, എരിശേരി, സാമ്പാർ
കുടുംബശ്രീ ജീവനക്കാർക്ക് പുറമേ നഗരസഭയുടെ വോളന്റിയർമാരും ഭക്ഷണം എത്തിക്കും
ഭക്ഷണത്തിന് മുൻകൂട്ടി ഓർഡർ നൽകണം
തലേദിവസം വൈകിട്ട് 8 വരെ ആയിരിക്കും ഓർഡർ സ്വീകരിക്കുക