രാജ്യത്ത് ഏറ്റവുമധികം ഡിമാന്റുള്ള തേയിലയിനങ്ങളുള്ളത് അസാം താഴ്‌വരയിലേതാണ്. അസാം വാലി തേയില ഇപ്പോൾ വീണ്ടും വാർത്തകളിൽ സജീവമായിരിക്കുകയാണ്. ഗുവാഹത്തി തേയില ലേല കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഒരു കിലോ തേയില വിറ്റുപോയത് 75,000 രൂപയ്ക്ക്.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മനോഹരി ഗോൾഡ് സ്‌പെഷ്യാലിറ്റി തേയില, കിലോ 75,000 രൂപയ്ക്കാണ് ലേലത്തിൽ വിറ്റു പോയത്. സമകാലിക ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ തേയില വിൽപ്പന നടത്തിയത്. ഗുവാഹത്തി ആസ്ഥാനമായുള്ള തേയില വ്യാപാരി വിഷ്ണു ടീ കമ്പനിയാണ് ഇത്രയും ഉയർന്ന തുകയ്ക്ക് മനോഹരി ഗോൾഡ് സ്‌പെഷ്യാലിറ്റി തേയില വാങ്ങിയത്. ഇത് അവരുടെ ഡിജിറ്റൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ 9amtea.com വഴി വിൽക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. ഗുണനിലവാരമുള്ള ഇൗ തേയിലച്ചെടിയുടെ മുകുളങ്ങളിൽ നിന്നാണ് പ്രത്യേക തേയില നിർമ്മിക്കുന്നത്. അതിരാവിലെ മാത്രമേ ഈ മുകുളങ്ങൾ നുള്ളിയെടുക്കാൻ കഴിയുകയുള്ളു.
കഴിഞ്ഞ വർഷം ഇതേ തേയില കിലോയ്ക്ക് 50,000 രൂപയ്ക്കാണ് ലേലത്തിൽ പോയത്. അസാം തേയിലകളിൽ വച്ച് ഏറ്റവും ഗുണമേന്മയുള്ള തേയിലയാണ് മനോഹരി സ്പെഷ്യാലിറ്റി ഗോൾഡ് തേയില. നിറത്തിലും ഗുണത്തിലും സൗരഭ്യത്തിലും ഇതിനെ വെല്ലാൻ മറ്രൊരു തേയില വിപണിയിലില്ല.