phone

കൊച്ചി: അതിർത്തി തർക്കങ്ങളെ തുടർന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ 'ബോയ്കോട്ട് ചൈന" കാമ്പയിൻ ശക്തമായതോടെ, ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളുടെ ഇന്ത്യൻ വിപണിയിലെ അപ്രമാദിത്തം പൊലിയുന്നു. ഏതാനും വർഷങ്ങളായി ചൈനീസ് ബ്രാൻഡായ ഷവോമിക്കായിരുന്നു ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാംസ്ഥാനം. കഴിഞ്ഞപാദത്തിൽ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ് ആ സ്ഥാനം പിടിച്ചെടുത്തു.

ഇന്ത്യയിൽ ഒന്നാംസ്ഥാനത്തേക്ക് സാംസംഗിന്റെ മികച്ച തിരിച്ചുവരവ് കൂടിയാണിത്. ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ റിപ്പോർട്ടുപ്രകാരം ഈവർഷം ജൂലായ് - സെപ്‌തംബർ പാദത്തിൽ 24 ശതമാനം വിപണി വിഹിതമാണ് സാംസംഗിനുള്ളത്. രണ്ടാംസ്ഥാനത്തേക്ക് വീണ ഷവോമിയുടെ വിഹിതം 23 ശതമാനം. 2019ലെ സമാനപാദത്തിൽ സാംസംഗിന് 20 ശതമാനവും ഷവോമിക്ക് 26 ശതമാനവും വിഹിതമുണ്ടായിരുന്നു.

ഫോൺ പോരാട്ടം

(ഇന്ത്യൻ വിപണിയിൽ വിവിധ ഫോൺ കമ്പനികളുടെ വില്പന വിഹിതം - ത്രൈമാസ അടിസ്ഥാനത്തിൽ)

കമ്പനി 2019 സെപ്തം. 2020 സെപ്തം.

സാംസംഗ് 20% 24%

ഷവോമി 26% 23%

വിവോ 17% 16%

റിയൽമീ 16% 15%

ഓപ്പോ 8% 10%

മറ്റുള്ളവ 13% 12%

വിപണിയിൽ റെക്കാഡ് മേളം

ജൂലായ് - സെപ്‌തംബറിൽ ഏക്കാലത്തെയും ഉയരമായ 5.3 കോടി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞെന്നാണ് കൗണ്ടർപോയിന്റിന്റെ റിപ്പോർട്ട്. ഒമ്പത് ശതമാനമാണ് വാർഷിക വളർച്ച. 1.7 കോടി ഫോണുകളായിരുന്നു ജൂൺപാദത്തിലെ വില്പന.

70%

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഇപ്പോഴും 70 ശതമാനം വിഹിതവും കൈയാളുന്നത് ചൈനീസ് ബ്രാൻഡുകളാണ്. 'ഇൻ" ബ്രാൻഡുമായി ഇന്ത്യൻ കമ്പനിയായ മൈക്രോമാക്‌സ് തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട്.

ആപ്പിളിന് ആശ്വാസം

സെപ്‌തംബർ പാദത്തിൽ ഇന്ത്യയിൽ റെക്കാഡ് വില്പന ലഭിച്ചെന്നാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് അഭിപ്രായപ്പെട്ടത്. എന്നാൽ, കണക്കുകൾ അദ്ദേഹം പറഞ്ഞില്ല. ഗവേഷണ സ്ഥാപനമായ കാനലിസിന്റെ റിപ്പോർട്ടുപ്രകാരം എട്ടുലക്ഷം ഐഫോണുകൾ കഴിഞ്ഞപാദത്തിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുണ്ട്.