tsr

തൃശൂർ : തൃശൂർ - പാലക്കാട് ദേശീയപാത മരണക്കുരുക്കായി മാറുന്നു. ഇന്നലെ കുതിരാനിൽ നാലു ലോറികൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മറിഞ്ഞ ചരക്ക് ലോറിയുടെ ഡ്രൈവറുടെ ജീവൻ നഷ്ടമായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുത്താട്ടുകുളം സ്വദേശി ജീനിഷ് (31) ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു.

ഇന്നലെ പുലർച്ചെയായിരുന്നു അപകടം. കുതിരാൻ ടണലിന് സമീപം നാലു ലോറികൾ കൂട്ടിയിടിക്കുകയായിരുന്നു. തൃശൂർ ഭാഗത്തേക്ക് ശർക്കരയുമായി വന്ന ചരക്ക് ലോറിയും പിറകിൽ വന്ന കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റ് രണ്ട് ലോറികളും കൂട്ടിയിടിച്ചു. ശർക്കര കയറ്റി വന്ന ലോറി ദേശീയപാതയിൽ തലകീഴായും കണ്ടെയ്‌നർ ലോറി 30 അടി താഴ്ച്ചയിൽ ടണൽ റോഡിലേക്കുമാണ് മറിഞ്ഞത്. ദേശീയപാതയിൽ തലകീഴായി മറിഞ്ഞ ലോറിയുടെ ഡ്രൈവർ ആയിരുന്നു മരിച്ച ജീനിഷ്.

ചുവന്നമണ്ണിൽ ദേശീയപാത അണ്ടർപാസിന് എടുത്ത കുഴിയിൽ ലോറി വീണ് തമിഴ്നാട് സ്വദേശിയായ ഡ്രൈവർ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് ലോറി ഡ്രൈവർ രവി (37) മരണമടഞ്ഞത്.

അപകടത്തിന് പിന്നിൽ കരാറുകാരുടെയും

ഉദ്യോഗസ്ഥരുടെയും അനാസ്ഥ

ഉദ്യോഗസ്ഥരുടെയും കരാറെടുത്ത കമ്പനി അധികൃതരുടെയും അനാസ്ഥയാണ് ജീവൻ പൊലിയാൻ ഇടയാക്കിയത്. നിർമ്മാണ പ്രവർത്തനം നടത്തുന്ന റോഡുകളിൽ അപകടസാദ്ധ്യതയുള്ള സ്ഥലത്ത് കമ്പി വേലി കെട്ടണമെന്നും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും നൽകിയ നിർദ്ദേശം പലപ്പോഴും നടപ്പാക്കുന്നില്ല.

കരാർ ഒപ്പുവച്ചിട്ട് 11 വർഷം

തൃശൂർ-പാലക്കാട് ദേശീയപാതയിൽ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ (28.5 കി.മീ) ആറുവരിപ്പാത നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചിട്ട് 11 വർഷം കഴിഞ്ഞു. ദേശീയപാത നിർമ്മാണത്തിൽ അധികൃതർ കാണിക്കുന്ന ഉദാസീനത കൊണ്ടു ചെന്നെത്തിക്കുന്നത് അപകടങ്ങളിലേക്കും അതുവഴി നിരവധി ജീവനുകളുടെ

നഷ്ടത്തിനും കാരണമാകുന്നു.

ഇനിയും പൂർത്തീകരിക്കാത്ത ടണൽ നിർമ്മാണം

വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ടണൽ നിർമ്മാണം ഇതു വരെ പൂർത്തിയായിട്ടില്ല. അടിക്കടി ഉണ്ടാകുന്ന അപകടങ്ങളും കുരുക്കുകളും മൂലം ദേശീയ പാതയിലൂടെ ഉള്ള യാത്ര ദുരിതമാണ്. ഇന്നലെ അപകടമുണ്ടായതിനെ തുടർന്ന് എട്ട് മണിക്കൂറോളമാണ് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചത്. ഷൊർണ്ണൂർ വഴിയും വടക്കാഞ്ചേരി വഴിയും വാഹനങ്ങൾ തിരിച്ചുവിടേണ്ടി വന്നു.

30 ശതമാനം പണികൾ ഇനിയും ബാക്കി

മുപ്പത് ശതമാനം പണികൾ ഇനിയും ബാക്കിയാണ്. 30 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് ദേശീയ പാത അതോറിറ്റി എക്സ്പ്രസ് വേ എന്ന കമ്പനിക്ക് കരാർ നൽകിയത്. 2013ലാണ് കോടതി ഉത്തരവിലൂടെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായത്. 514.05 കോടി രൂപയ്ക്ക് ഏറ്റെടുത്ത കരാർ ഇപ്പോൾ 1,200 കോടി രൂപയിലെത്തി. പണികൾ പൂർത്തിയാവാൻ അടുത്തവർഷം ആഗസ്റ്റ് വരെ കാത്തിരിക്കണമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.

മരണപ്പാത

ദേശീയപാതയിൽ കഴിഞ്ഞ 10 വർഷത്തിനിടെ മരണം: 302 പേർ (വിവരാവകാശരേഖ പ്രകാരം )

അഞ്ചു വർഷത്തിനുള്ളിൽ കുതിരാൻ മുതൽ വടക്കഞ്ചേരി വരെ മരണം: 20 പേർ

അപകടകാരണങ്ങൾ

സൂചനാ ബോർഡ് സ്ഥാപിച്ചിട്ടില്ല.

അപകടകരമായ സ്ഥലങ്ങളിൽ സുരക്ഷാവേലിയില്ല.

പാതയിൽ പലയിടങ്ങളിലും നിരപ്പു വ്യത്യാസവും അപ്രതീക്ഷിതമായി കാണുന്ന കുഴികളും.

സീബ്രാലൈനും അണ്ടർപാസും നിർമ്മിക്കണമെന്നതും പരിഗണിച്ചിട്ടില്ല.

അതിവേഗം പായുന്ന വാഹനങ്ങൾ ഇടറോഡുകളിലെ വാഹനങ്ങളെ ശ്രദ്ധിക്കുന്നില്ല.

നരഹത്യക്ക് കേസെടുക്കണം

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കും കെ.എം.സി കമ്പനി, തൃശൂർ എക്‌സ്പ്രസ്‌വേ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടർക്കും എതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തും മുൻ പഞ്ചായത്ത് അംഗം കെ.പി. ചാക്കോച്ചനും സിറ്റി പൊലീസ് കമ്മിഷണർക്കും പീച്ചി എസ്.ഐയ്ക്കും പരാതി നൽകി.