n-vasu

തിരുവനന്തപുരം : ദേവസ്വം ബോർഡ് നിയമനങ്ങളിൽ പിന്നാക്ക- പട്ടിക സംവരണത്തിന് പുറമേ, പത്ത് ശതമാനം മുന്നാക്ക സംവരണവും നടപ്പാക്കി രണ്ട് വർഷം പിന്നിട്ടിട്ടും,ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിൽ സംവരണമില്ല.

ദേവസ്വം ബോർഡുകളുടെ ഓഫീസുകളിലെയും ക്ഷേത്രങ്ങളിലെയും നിയമനങ്ങൾ

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് വിട്ടെങ്കിലും, സ്‌കൂൾ, കോളേജ് നിയമനങ്ങൾ സർക്കാർ ഇനിയും കൈമാറിയിട്ടില്ല. അദ്ധ്യാപക,അനദ്ധ്യാപക നിയമനങ്ങൾ ദേവസ്വം ബോർഡുകൾ നടത്തുന്നത് മുൻ കാലങ്ങളിലെപ്പോലെ സംവരണം പാലിക്കാതെയാണ്. അതിനാൽ, പിന്നാക്ക-പട്ടിക വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾ പിന്തള്ളപ്പെടുന്നു.

7 കോളേജുകൾ,

20 സ്കൂളുകൾ

സംസ്ഥാനത്തെ മൂന്ന് ദേവസ്വം ബോർഡുകൾക്ക് കീഴിലായി ഏഴ് ആർട്സ് ആൻഡ് സയൻസ് കോളേജുകളും ഹയർ സെക്കൻഡറി ഉൾപ്പെടെ ഇരുപത് സ്കൂളുകളുമുണ്ട്.കോളേജുകളിൽ നാലെണ്ണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ്.

ഇരുപത് സ്കൂളിൽ 19 എണ്ണവും. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ രണ്ട് കോളേജും ഗുരുവായൂർ ദേവസ്വത്തിന് ഒരു കോളേജും.

നിയമനം സിംഹഭാഗവും

മുന്നാക്കക്കാർക്ക്

ദേവസ്വം ബോർഡുകളിലെന്ന പോലെ, ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാരിൽ സിംഹഭാഗവും മുന്നാക്കക്കാരാണ്.പിന്നാക്ക-പട്ടിക വിഭാഗക്കാർ പല സ്ഥാപനങ്ങളിലും അഞ്ച് ശതമാനത്തിൽ താഴെയാണ്.

ദേവസ്വം ബോർഡ് നിയമനങ്ങൾ സംവരണം പാലിച്ച് പി.എസ്.സി വഴിയാക്കുന്നതിനുള്ള ബിൽ നിയമസഭയിൽ പാസാക്കിയത് വി.എസ് സർക്കാരാണെങ്കിലും,കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരാണ് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്.ഹിന്ദുക്കളായ പിന്നാക്ക-പട്ടിക വിഭാഗം ഉദ്യോഗാർത്ഥികൾക്ക് 32 ശതമാനം സംവരണം .ബാക്കി 68 ശതമാനം നിയമനങ്ങൾ പൊതു വിഭാഗത്തിലും.2018 ഒടുവിൽ പിണറായി സർക്കാരാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയത് . സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കി കേന്ദ്ര നിയമമാവുന്നതിന് മുമ്പായിരുന്നു ഇത്. 50 ശതമാനം സംവരണത്തിൽ ബാക്കി 8 ശതമാനം സംവരണ സമുദായങ്ങൾക്കായി വീതിച്ചു.ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ഇപ്പോഴും പഴയ പടി.

'വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും സംവരണം പാലിച്ചു നടത്തുന്നതിൽ ബോർഡിന് എതിർപ്പില്ല.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും , നിയമ ഭേദഗതി വരുത്തേണ്ടതും സംസ്ഥാന സർക്കാരാണ്.'.

-എൻ.വാസു,പ്രസിഡന്റ്,

തിരുവിതാംകൂർ ദേവസ്വം ബോർഡ്