sean-connery

ചടുലമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ, ചാരക്കണ്ണുകളുടെ തീഷ്ണതയുമായി നെഞ്ചുവിരിച്ച് നിന്ന് 007 എന്ന ബ്രിട്ടീഷ് ഏജന്റിനെ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിക്‌ഷണൽ കഥാപാത്രങ്ങളിൽ ഒന്നായി മാറ്റിയതിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്ന് കോണറിയാണ്.

1962 ഒക്ടോബർ 5, ലണ്ടൻ പവിലിയനിൽ ബ്രിട്ടീഷ് ചലച്ചിത്ര നിർമാണ കമ്പനിയായ ഇയോൺ ( EON ) പ്രൊഡക്ഷൻസ് തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്. വൈകാതെ തിരശീല പൊങ്ങി. ഒടുവിൽ അയാൾ എത്തി... ആറടി രണ്ടിഞ്ച് ഉയരം, ഒത്ത വണ്ണമുള്ള രൂപം. കാഴ്ചയിൽ സുന്ദരൻ. മൂർച്ചയേറിയ നോട്ടത്തിനുള്ളിൽ തിളങ്ങുന്ന ഇരുണ്ട കൃഷ്ണമണികൾ, അച്ചടക്കത്തോടെ ഒതുങ്ങിയിരിക്കുന്ന ഇരുണ്ട തലമുടിയിലൂടെ തന്നെ ലണ്ടൻകാർ ആ കഥാപാത്രത്തെ വിലയിരുത്തി ' സ്വാവ്, ഷാർപ്, പെർഫെക്ട് ' ! കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്ന കാഴ്ചക്കാരെ ഞെട്ടിച്ചു കൊണ്ട് ഇടിമുഴക്കം പോലെയുള്ള അയാളുടെ ശബ്ദം ലണ്ടൻ പവിലിയനിന്റെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു..... ' മൈ നെയിം ഈസ് ബോണ്ട്.... ജെയിംസ് ബോണ്ട്

ഇതിഹാസ താരം

50കളുടെ അവസാനത്തോടെ ബ്രിട്ടീഷ് സിനിമയിലേക്ക് ചുവടുവച്ച ഷോൺ കോണറി എന്ന 31 കാരനായ സ്കോട്ടിഷ് നടൻ ഒരു ഇതിഹാസതാരമായി വളർന്നത് ആ വേദിയിൽ നിന്നുമായിരുന്നു. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ജെയിംസ് ബോണ്ട്. ' ദ അൾട്ടിമേറ്റ് ജെയിംസ് ബോണ്ട് ' ! ഇന്നും ജെയിംസ് ബോണ്ട് എന്ന പേര് കേൾക്കുന്ന ആർക്കും സൗമ്യമുഖത്തോടെയും എന്നാൽ ഗൗരവം ഒട്ടും ചോരാത്തതുമായ ഷോൺ കോണറിയുടെ മുഖമാണ് ഓർമ വരിക.

കുറ്റാന്വേഷണ ലോകത്തെ പകരംവയ്ക്കാനില്ലാത്ത ആരാധനാമൂർത്തിയാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റായ ജെയിംസ് ബോണ്ട്. ആക്‌ഷൻ രംഗങ്ങളിലൂടെ ലോകത്തെ ഒന്നടങ്കം തന്റെ ആരാധകരാക്കി മാറ്റിയ ആ കുറ്റാന്വേഷണ വിദഗ്ദ്ധൻ അഭ്രപാളിയിൽ പിറവിയെടുത്തത് ഷോൺ കോണറിയിലൂടെയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ സിനിമാ പരമ്പരകളിൽ ഒന്നെന്ന നേട്ടം ജെയിംസ് ബോണ്ട് സ്വന്തമാക്കിയതിൽ ഷോൺ കോണറിയെന്ന നടന്റെ പങ്ക് അത്ര ചെറുതല്ല.

ബ്രിട്ടീഷ് ഏജന്റ്

ചടുലമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ, ചാരക്കണ്ണുകളുടെ തീഷ്ണതയുമായി നെഞ്ചുവിരിച്ച് നിന്ന് 007 എന്ന ബ്രിട്ടീഷ് ഏജന്റിനെ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിക്‌ഷണൽ കഥാപാത്രങ്ങളിൽ ഒന്നായി മാറ്റിയതിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്ന് കോണറിയാണ്. ആകെ ഏഴ് തവണയാണ് ഷോൺ കോണറി ജെയിംസ് ബോണ്ടായത്. ഇതിൽ ആറെണ്ണം ഇയോൺ പ്രൊഡക്ഷന് വേണ്ടിയും ഒന്ന് അമേരിക്കൻ സംവിധായകൻ ഇർവിൻ കെർഷ്നെർ സംവിധാനം ചെയ്ത ' നെവർ സേ നെവർ ഏഗെയ്ൻ ( 1983 ) ' എന്ന ചിത്രത്തിനും വേണ്ടിയുമായിരുന്നു.

സിനിമകൾ

ഡോ. നോ (1962), ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ് ഫിംഗർ (1964), തണ്ടർ ബോൾ (1965), യു ഒൺലി ലീവ് ട്വൈസ് (1967), ഡയമണ്ട്സ് ആർ ഫോറെവർ (1971) എന്നിവയാണ് ഇയോൺ പ്രൊഡക്ഷൻസിന് വേണ്ടി കോണറി ബോണ്ടായെത്തിയ ആറു ചിത്രങ്ങൾ. ഡയമണ്ട്സ് ആർ ഫോറെവർ (1971) പുറത്തിറങ്ങി 12 വർഷങ്ങൾക്ക് ശേഷമാണ് കോണറി വീണ്ടും നെവർ സേ നെവർ ഏഗെയ്നിലൂടെ ബോണ്ടിന്റെ വേഷം കൈകാര്യം ചെയ്തത്. ഷോൺ കോണറിയ്ക്ക് അന്ന് പ്രായം 52. എന്നാൽ ഡോ. നോയിൽ കണ്ട അതേ ബോണ്ടിനെ തന്നെയാണ് അവിടെയും കണ്ടത്. പ്രായം തളർത്താത്ത ഗാംഭീര്യം.

1967നു ശേഷം ഇനി ബോണ്ട് റോളിലേക്കില്ലെന്ന് ഷോൺ കോണറി തീരുമാനിച്ചിരുന്നു. അതിനുശേഷം പുറത്തിറങ്ങിയ ബോണ്ട് ചിത്രമായ ഓൺ യുർ മജസ്‌റ്റീസ് സീക്രട്ട് സർവീസിൽ ജോർജ് ലേസെൻബിയായിരുന്നു ബോണ്ട്. പക്ഷേ, ഡയമണ്ട്സ് ആർ ഫോറെവറിൽ കോണറിയെ തന്നെ വീണ്ടും മടക്കിക്കൊണ്ട് വന്നു.

ബോണ്ടിനെ ആവാഹിച്ച നടൻ

1953ൽ ബ്രിട്ടീഷുകാരനായ ഇയാൻ ഫ്ളെമിംഗിന്റെ തൂലികയിൽ പിറന്ന അപസർപ്പകഥാനായകൻ ബോണ്ടിനെ പുസ്തകത്താളിൽ നിന്നും ഫിലിം റോളാക്കിമാറ്റിയപ്പോൾ ഏവരും ഒന്ന് ഭയപ്പെട്ടിരുന്നു. തന്റെ കൂർമബുദ്ധികൊണ്ടും ശത്രുക്കളെ തേടിപ്പിടിച്ച് വകവരുത്തുന്ന ഒരു അമാനുഷിക പരിവേഷമുള്ള ജെയിംസ് ബോണ്ട് കഥാപാത്രത്തെ സവിശേഷതകൾ ഒട്ടും ചോരാതെ സ്ക്രീനിൽ അവതരിപ്പിക്കാൻ പരാജയപ്പെട്ടാലോ ? പക്ഷേ, ബോണ്ടിന്റെ നിർമാതാക്കൾക്ക്, ടെറൻസ് യംഗ് സംവിധാനം ചെയ്ത ആദ്യ ചിത്രം മുതൽ അങ്ങനെ ഒരു ചിന്തയുടെ ആവശ്യം വന്നില്ല. കാരണം ബോണ്ടിനെ അതേപടി ആവാഹിച്ചതു പോലായിരുന്നു ഷോൺ കോണറി. ഉർസുല ആൻഡ്രെസ് ആയിരുന്നു ഡോ. നോയിൽ ഷോൺ കോണറിയുടെ ' ബോണ്ട് ഗേൾ '.

രഹസ്യാന്വേഷണ കാര്യത്തിൽ പത്തുതലയാണെങ്കിലും മദ്യപാനം, പുകവലി, ചൂതാട്ടം, വാഹന കമ്പം തുടങ്ങിയ ബോണ്ടിന്റെ 'ദുഃശ്ശീലങ്ങളും ', സ്ത്രീകളോടുള്ള ആകർഷണവുമെല്ലാം ഷോൺ കോണറിയുടെ കഥാപാത്രങ്ങളിൽ കൃത്യമായ അളവിൽ അലിഞ്ഞു ചേർന്നിരിക്കുന്നത് കാണാം. 60 കളിലും 70കളിലും കോണറിയെ സ്ത്രീകളുടെ ആരാധനാപാത്രമാക്കിയതും ആരെയും വശീകരിക്കുന്ന ചിരിയോട് കൂടിയ ബോണ്ട് കഥാപാത്രമാണ്.

കോണറിയ്ക്ക് ശേഷം ജോർജ് ലേസെൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്‌നൻ, ഡാനിയൽ ക്രെയ്‌ഗ് എന്നിവർ ബോണ്ടിനെ അവതരിപ്പിച്ചു. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ച് തങ്ങളുടേതായി സ്ഥാനം പ്രേക്ഷക മനസിൽ നേടിയവരാണ്. എന്നാൽ എല്ലാവരിൽ നിന്നും അവിസ്മരണീയനായ ' ബ്രിട്ടീഷ് സ്‌പൈ ' കോണറിയാണ്. ഇന്നും എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരുടെയും ഉത്തരം ഷോൺ കോണറി എന്നാണ്. എല്ലാത്തിലുമുപരി ബോണ്ടിനപ്പുറം നമ്മെ വിസ്മയിപ്പിക്കുന്ന നിരവധി വേഷങ്ങൾ അവതരിപ്പിച്ച, മികച്ച സഹനടനുള്ള ഓസ്കാർ സ്വന്തമാക്കിയ അതുല്യ പ്രതിഭ കൂടിയാണദ്ദേഹം.

വേഷങ്ങൾ അഴിച്ച് വച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായെങ്കിലും കോണറി ഒരിക്കലും മരിക്കുന്നില്ല. ഫെയർവെൽ, ദ ഗ്രേറ്റ് ആൻഡ് ദ അൾട്ടിമേറ്റ് ജെയിംസ് ബോണ്ട്. !!!