തിരുവനന്തപുരം: കൂട്ടിൽ നിന്ന് രക്ഷപ്പെട്ട കടുവ ലയൺ സഫാരി പാർക്കിൽ തന്നെയുണ്ടെന്ന് റേഞ്ച് ഓഫിസർ.ഇന്നലെ രാത്രിയും കടുവയെ ഗേറ്റിനടുത്ത് കണ്ടെന്നും, ഡാമിൽ ചാടിയിട്ടില്ലെന്നാണ് നിഗമനം എന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്നലെ വൈകുന്നേരം ഗേറ്റിനടുത്താണ് കടുവയെ കണ്ടത്.എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷമായിരിക്കും തുടർ നടപടികളെടുക്കുക'- അധികൃതർ വ്യക്തമാക്കി. വയനാട്ടിൽ നിന്നും കടുവയെ എത്തിച്ച വനംവകുപ്പിന്റെ ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് നെയ്യാറിലെത്തിയേക്കും.
ഇന്നലെ ഉച്ചയോടാണ് 10 വയസുള്ള കടുവ കൂട്ടില്‍ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളില്‍ കയറിയായിരുന്നു കടുവ രക്ഷപെട്ടത്.സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിച്ചതോടെ സമീപവാസികൾ പരിഭ്രാന്തരായിരുന്നു. വനംവകുപ്പും പൊലീസും ശക്തമായ തിരച്ചിൽ നടത്തിയെങ്കിലും രാത്രി എട്ടരയോടെ ഇത് അവസാനിപ്പിച്ചിരുന്നു.