bineesh-kodiyeri

ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ( എൻ സി ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ചാണ് എന്‍ സി ബി അന്വേഷിക്കുന്നത്.

അതേസമയം, കേസിൽ ബിനീഷിനെ പ്രതിചേർക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ( എൻ സി ബി)നീക്കം തുടങ്ങി. എൻ സി ബി ഉദ്യോഗസ്ഥർ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മൂന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ശാന്തിനഗറിലെ ഇഡി ഓഫീസിലെത്തിയത്. ബിനീഷിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുമായി രണ്ടുമണിക്കൂറിലേറെ ചർച്ച നടത്തി.

അതേസമയം, മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷിച്ചേക്കും. ബിനീഷിന്റെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ മുഹമ്മദ് അനൂപിന് സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി.റമീസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.