007

ആറടി രണ്ടിഞ്ച് ഉയരം, ഗാംഭീര്യമാർന്ന ശബ്ദം, വുമണൈസിംഗ്, ലൈസൻസ് ടു കിൽ ,ബോണ്ട് കഥാപാത്രങ്ങളുടെ ഗുണവും ദോഷവും ഒരുപോലെ ഉൾക്കൊണ്ട നടൻ ഷോൺ കോണറിയെപ്പോലൊരു ജെയിംസ് ബോണ്ട് ഇനി വരില്ല

" ഇനി ഒരിക്കലും അഭിനയിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല.വിഡ്ഢികൾ പടച്ചുവിടുന്ന സിനിമകളല്ലേ ഇപ്പോൾ ഹോളീവുഡ്ഢിൽ നിന്ന് പുറത്തുവരുന്നത്.അഭിനയരംഗത്ത് വിസ്മയകരമായ ഒട്ടേറെ ഓർമ്മകൾ ഉള്ളപ്പോൾ ഈ ചവറുകൾക്ക് പിന്നാലെ ഞാനെന്തിന് പോകണം."---ഏതാനും വർഷം മുമ്പ് ഒരഭിമുഖത്തിൽ നടൻ ഷോൺ കോണറി പറഞ്ഞു.ഷോൺ അവസാനമായി അഭിനയിച്ച ചിത്രം ' ദി ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമാൻ ' ( 2003 ) വിജയമായിരുന്നുമില്ല.

വേഷങ്ങൾ മികച്ചതാണെങ്കിൽ കഥാപാത്രത്തിന്റെ പ്രായം ഒരിക്കലും ഷോൺ കോണറി നോക്കുമായിരുന്നില്ല. സ്പീൽബർഗിന്റെ ' ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസേഡിൽ ' ഹാരിസൺ ഫോഡിന്റെ കിറുക്കനായ അച്ഛന്റെ കഥാപാത്രം ഷോൺ ആസ്വദിച്ചാണ് ചെയ്തത്.പണം കിട്ടുമെന്നതിനാൽ ചില തട്ടുപൊളിപ്പൻ പരിപാടികൾക്കൊപ്പവും ചേർന്നു.ഡ്രാഗൺ ഹാർട്ടിൽ ഡ്രാഗണ് ശബ്ദം നൽകിയതൊക്കെ ആ ലക്ഷ്യത്തിലായിരുന്നു. പഠിക്കാൻ പണമില്ലാത്ത സ്കോട്ടിഷ് വിദ്യാർത്ഥികളെ വലിയ രീതിയിൽ ഷോൺ സഹായിച്ചിരുന്നു.അതിനാൽ തനിക്കർഹതപ്പെട്ട പണം കേസ് പറഞ്ഞായാലും വാങ്ങാൻ ഒരുമടിയുമില്ലായിരുന്നു.ജെയിംസ് ബോണ്ട് കഥാപാത്രങ്ങളിലൂടെയാണ് ഷോൺ കോണറി ലോകമെമ്പാടും ആരാധകരെ നേടിയതെങ്കിലും വ്യക്തിപരമായി ആ വേഷം തന്നിലെ നടന് മടുക്കുന്നുവെന്ന് സുഹൃുത്തും നടനുമായ മൈക്കിൾ കെയിനിനോട് ഷോൺ തുറന്നു പറഞ്ഞിട്ടുണ്ട്.ഓസ്കാർ നേടിയ അൺടച്ചബിൾസ് അടക്കം അനവധി ചിത്രങ്ങളിൽ അവിസ്മരണീയമായ മറ്റു വേഷങ്ങൾ ചെയ്തു.

ജെയിംസ് ബോണ്ടിന്റെ വരവ് ഒരു വരവ് തന്നെയായിരുന്നു. ആറടി രണ്ടിഞ്ച് ഉയരം, ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജന്റ്സ് സർവീസിൽ ബോണ്ടിന്റെ സുപ്പീരിയർ ഓഫീസറായ എമ്മിന്റെ സെക്രട്ടറി മിസ് മണിപെന്നിയുമായുള്ള ചുറ്റിക്കളി, കെ.ജി.ബിയുടെയും ,സി.ഐ.എയുടെയും ചാര വനിതകളുമായുള്ള സമാഗമങ്ങൾ, ചടുലമായ നീക്കങ്ങൾ, മാർട്ടീനിയോടുള്ള ഭ്രമം, ഗാംഭീര്യമുള്ള ശബ്ദം, സാങ്കേതിക വിദഗ്ധൻ ക്യൂ തയ്യാറാക്കി നൽകുന്ന ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള വൈഭവം.കൊല ചെയ്യാനുള്ള അനുമതി---ബോണ്ടിന്റെ പ്രത്യേകതകൾ ഏറെയായിരുന്നു. എന്നാൽ ബോണ്ടിനെക്കുറിച്ച് ചീപ് വുമണൈസർ, കാര്യം അന്വേഷിക്കും മുമ്പെ കൊല നടത്തുന്നു. തുടങ്ങി അനവധി പരാതികളുമുണ്ടായിരുന്നു.ബോണ്ട് കഥാപാത്രത്തിന്റെ ഈ ഗുണദോഷങ്ങൾ ഷോൺ കോണറിയെപ്പോലെ ഉൾക്കൊളാൻ മറ്റൊരു നടനും കഴിഞ്ഞിരുന്നില്ല.ഡോ.നോ യിൽ തുടങ്ങി നെവർ സേ നെവർ എഗൈയ്ൻ വരെ ഏഴ് ബോണ്ട് ചിത്രങ്ങൾ.

ലാനാ ടർണർ അനദർ ടൈം അനദർ പ്ലെയിസ് എന്ന ചിത്രത്തിൽ വാർ കറസ്പോണ്ടന്റായി അഭിനയിപ്പിച്ചു.1958 ലായിരുന്നു ഇത്. ഷോൺ കോണറി നടക്കുന്ന സ്റ്റൈൽ കണ്ട നിർമ്മാതാക്കളായ ആൽബർട്ട് ബ്രോക്കാളിയും ഹാരി സാൾട്സ്മാനും സ്ക്രീൻ ടെസ്റ്റ് പോലും നടത്താതെ ബോണ്ട് സിനിമയിലേക്ക് കരാർ ചെയ്യുകയായിരുന്നു.അഭിനയം കാണാൻ താൻ ഇഷ്ടപ്പെടുന്ന നടനാണ് ഷോൺ കോണറിയെന്ന് വിഖ്യാത ഹോളിവുഡ്ഢ് നടൻ ക്ളാർക്ക് ഗേബിൾ പറഞ്ഞിട്ടുണ്ട്.

ബാല്യത്തിൽ പാൽക്കാരന്റേതടക്കം പല വേഷങ്ങളും കെട്ടി.ആഴ്ചയിലൊരിക്കൽ പൊതു കുളിമുറിയിൽ പോയി പണം നൽകി കുളിക്കുമായിരുന്നു.അന്നത് ചെലവേറിയ പ്രക്രിയയായിരുന്നു.അതുകൊണ്ട് ഇപ്പോഴും കുളിക്കുകയെന്നത് തനിക്ക് വലിയ കാര്യമാണെന്ന് ഷോൺ പറഞ്ഞു. ബാല്യത്തിലെ ദുരിതങ്ങളെ അനുഭവങ്ങളുടെ കരുത്തായേ എടുത്തിരുന്നുള്ളു. ദി മോളി മാഗ്യയറസ് എന്ന ചിത്രത്തിൽ താരതമ്യേന ചെറിയ വേഷം അഭിനയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു മില്യൺ ഡോളർ പ്രതിഫലമായി കിട്ടിയതിനാലാണ് അഭിനയിച്ചതെന്നായിരുന്നു മറുപടി.ഇംഗ്ളണ്ടിലെ നാഷണൽ യൂത്ത് തിയറ്റർ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അരലക്ഷം ഡോളറാണ് ഷോൺ സംഭാവനയായി നൽകിയത്.സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് പ്രതിമാസം 5000 പൗണ്ട് കൃത്യമായി നൽകിയിരുന്നു.സ്കോട്ടിഷ് ദേശീയതയിൽ എന്നും ഊറ്റം കൊണ്ടിരുന്നു.

എന്തായിരുന്നു അഭിനയത്തിലെ ഷോൺ കോണറിയുടെ സവിശേഷതയെന്ന ചോദ്യത്തിന് ." ഓരോ കഥാപാത്രത്തേയും ഞാൻ എന്നിലേക്ക് ചേർത്തു പിടിച്ചുവെന്നായിരുന്നു' മറുപടി.ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ നടൻ യാത്രയായിരിക്കുന്നു.ഇനി ഒരിക്കലും മടങ്ങിവരില്ല.നെവർ എഗെയ്ൻ