തിരുവനന്തപുരം: കൊവിഡ് കാരണം നിരോധിത മേഖലയായി പ്രഖ്യാപിച്ച ശംഖുംമുഖം സാഗരകന്യക പാർക്കിൽ കടന്നുകയറിയത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരന് യുവാവിന്റെ ക്രൂര മർദനം. കണ്ണാന്തുറ സ്വദേശി ജോൺസനെയാണ് യുവാവ് അടിച്ച് അവശനാക്കിയത്. ഇന്നലെ വൈകിട്ട് 4നാണ് സംഭവം.
144 നിലനിൽക്കുന്നതിനാൽ പ്രവേശനമില്ലാതിരുന്ന പാർക്കിലേക്ക് രണ്ടു സ്ത്രീകൾക്കൊപ്പമെത്തിയ യുവാവിനെ ജോൺസൺ തടഞ്ഞു. ഇന്നു മുതലേ ബീച്ചിലേക്ക് പ്രവേശനമുള്ളൂവെന്നും മടങ്ങിപ്പോകണമെന്നും അറിയിച്ചു. പ്രകോപിതനായ യുവാവ് അസഭ്യവർഷത്തിന് പിന്നാലെ ജോൺസനെ മുഖത്തടിച്ച് വീഴ്ത്തി. പലതവണ മുഷ്ടിചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു. യുവാവിനൊപ്പമുണ്ടായിരുന്ന സ്ത്രീകൾ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ പിൻമാറിയില്ലെന്ന് ജോൺസൺ പറഞ്ഞു. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ ഇയാൾ രക്ഷപ്പെട്ടു. ചികിത്സ തേടിയ ജോൺസൺ വലിയതുറ പൊലീസിൽ പരാതി നൽകി.