sivasankar

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ അറസ്‌റ്റിലായ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കുറിച്ച് പുറത്തുവരുന്നത് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ. സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേർന്ന് ശിവശങ്കർ നാഗർകോവിലിൽ കാറ്റാടിപ്പാടം സ്വന്തമാക്കി എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. കോടികളുടെ നിക്ഷേപമാണ് ശിവശങ്കർ നാർഗകോവിലിൽ നടത്തിയിരിക്കുന്നതത്രേ. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിൽ നിന്നാണ് പുതിയ രഹസ്യം അന്വേഷണ സംഘത്തിന് (ഇ.ഡി) ലഭിച്ചത്.

സ്വപ്നയുടെ രഹസ്യ ലോക്കർ വിവരങ്ങൾ പുറത്തുവന്ന ഘട്ടത്തിൽ, കുറച്ചുകാലം നാഗർകോവിലിലേക്കു മാറിനിൽക്കാൻ വേണുഗോപാലിനോടു ശിവശങ്കർ നിർദേശിക്കുന്ന വാട്സാപ് ചാറ്റുകൾ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ് കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന നാഗർകോവിലിലെ കമ്പനികളുമായി ശിവശങ്കർ അടുത്ത ബന്ധം സ്ഥാപിച്ചത്. വർഷം മുഴുവനും നല്ല കാറ്റു ലഭിക്കുന്ന നാഗർകോവിൽ പ്രദേശത്ത് കാറ്റാടി കമ്പനികൾക്ക് ഏഴ് വർഷം കൊണ്ടു മുടക്കുമുതൽ തിരികെ പിടിക്കാൻ കഴിയും. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഇതിന് 10 വർഷം വരെ വേണ്ടിവന്നേക്കും.

ഒരു കാറ്റാടി സ്ഥാപിക്കാൻ 15 കോടി രൂപയാണ് ചെലവ്. ഇതിൽ നിന്നുതന്നെ ശിവശങ്കറിന്റെ നിക്ഷേപത്തിന്റെ വലിപ്പവും ഊഹിക്കാവുന്നതേയുള്ളൂ. നാഗർകോവിലിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ജർമൻ കമ്പനിയിൽ തിരുവനന്തപുരത്തെ യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കും മുതൽമുടക്കുള്ളതായി സൂചനയുണ്ട്.

ജമാൽ അൽ സാബിയുടെ ബിസിനസ് താൽപര്യങ്ങൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് അന്വേഷണ ഏജൻസികളോടു വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുമ്പോൾ ജർമൻ വ്യവസായ സംരംഭത്തിൽ പങ്കാളിയാക്കാമെന്നു കോൺസൽ ജനറൽ പറഞ്ഞിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

അതേസമയം, ശിവശങ്കർ മുൻകൈ എടുത്ത് നടത്തിയ സർക്കാർ പദ്ധതികളിൽ എൻഫോഴ്‌സ്മെന്റ് അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പദ്ധതികളുടെ വിശദാംശങ്ങൾ നൽകാൻ ചീഫ് സെക്രട്ടറിക്ക് ഇഡി കത്ത് നൽകിക്കഴിഞ്ഞു. ഡൗൺ ടൗൺ, ഇ മൊബിലിറ്റി പദ്ധതികൾ അന്വേഷണ പരിധിയിൽ വന്നേക്കും.കെ ഫോൺ, സ്‌മാർട്ട് സിറ്റി പദ്ധതികളുടെ വിശദാംശങ്ങളും എൻഫോഴ്‌സ്‌മെന്റ് തേടിയിട്ടുണ്ട്.