ഇസ്ലാമാബാദ്: ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനുമായി ബന്ധപ്പെട്ട പരാമർശത്തിന് പിന്നാലെ പിഎംഎൽ (എൻ) നേതാവും, പാകിസ്ഥാൻ ദേശീയ അസംബ്ലി മുൻ സ്പീക്കറുമായ അയാസ് സാദിഖിനെതിരെ വിമർശനം ശക്തമാകുന്നു. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയുടെ പ്രമുഖ നേതാവായ സാദിഖിനെതിരെ സ്വന്തം മണ്ഡലത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
സാദിഖിനെതിരെയുള്ള പോസ്റ്ററുകൾ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ നിരത്തുകളിൽ പതിപ്പിച്ചിട്ടുണ്ട്. ചില പോസ്റ്ററുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, അഭിനന്ദനെയും കാണാം. പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ടായിരുന്നു സാദിഖിന്റെ പരാമർശം.
ഇന്ത്യ ആക്രമിക്കുമോ എന്ന പേടികൊണ്ടാണ് പാകിസ്ഥാൻ അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ചതെന്നായിരുന്നു പാക് പ്രതിപക്ഷ നേതാവിന്റെ പരാമർശം.ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് അയാസ് സാദിഖ് ഇക്കാര്യം വെളിപ്പടുത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിൽ നടന്ന പുല്‍വാമ ഭീകരാക്രമത്തിന് ബലാകോട്ടില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്ഥാൻ പ്രകോപനം തുടർന്നു. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ശ്രമിച്ച പാകിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ് 21-ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയത് അഭിനന്ദൻ വർദ്ധമാനാണ്.ഇതിനിടെ അഭിനന്ദന്റെ വിമാനവും തകർന്നു. ഈ സമയത്താണ് അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായത്.