gold-smuggling-informer

തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ സർക്കാരിനും പാർട്ടിക്കും കൂടുതൽ ആഘാതം സൃഷ്‌ടിച്ചുകൊണ്ട് തങ്ങളുടെ അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. സ്വപ്‌ന സുരേഷിൽ തുടങ്ങിയ അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റിലേക്ക് എത്തിച്ചു. എൻഫോഴ്‌സ്മെന്റിന്റെ കസ്‌റ്റഡിയിലുള്ള ശിവശങ്കറിൽ നിന്ന് കൂടുതൽ വിവിരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓരോ ദിവസവും അന്വേഷണ സംഘം. ഇതെല്ലാം നടക്കുമ്പോഴും പിന്നണിയിൽ ഒരാൾ സംതൃപ്‌തനാണ്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു വിവരം ചോർത്തി നൽകിയ 'ഇൻവിസിബിൾ ഇൻഫോമർ'.

45 ലക്ഷം രൂപയാണ് കസ്‌റ്റംസ് അദ്ദേഹത്തിന് പ്രതിഫലമായി നൽകുക. ആദ്യ ഘട്ടത്തിൽ പകുതി തുക നൽകും. ബാക്കി തുക കേസ് നടപടി പൂർത്തിയായ ശേഷം കൈമാറും. അതനുസരിച്ച് 22.50 ലക്ഷം രൂപ ഇൻഫോമർക്ക് നൽകിക്കഴിഞ്ഞു എന്നാണ് സൂചന. സ്വർണക്കടത്തിനെക്കുറിച്ചു കൃത്യമായ വിവരം നൽകുന്നവർക്ക്, ഒരു ഗ്രാമിന് 150 രൂപ എന്ന കണക്കിൽ കസ്റ്റംസ് പ്രതിഫലം നൽകാറുണ്ട്.

കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ നിന്നാണു പ്രതിഫലം അനുവദിക്കുന്നത്. രഹസ്യ വിവരം നൽകിയ വ്യക്തി ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തി, കറൻസിയായിട്ടാണു തുക കസ്റ്റംസ് കൈമാറുക. വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ബാധകമല്ല.

വിവരം കൈമാറിയത് ആരാണെന്നുള്ള വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. കമ്മിഷണർക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാർഗോ വിഭാഗം അസി. കമ്മിഷണർ രാമ മൂർത്തിയുടെ നേതൃത്വത്തിൽ ജൂൺ 30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തത്.