കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ട്വീറ്റ് വാഹന ലോകത്ത് വലിയ ചർച്ചകൾക്കും ആകാംക്ഷകൾക്കും വഴിതുറന്നിരിക്കുകയാണ്. ഒട്ടേറെ പുതുമകളും ആകർഷക ഫീച്ചറുകളുമായി വിരുന്നെത്തിയ പുതിയ ഹ്യുണ്ടായ് ഐ20യെ പരോക്ഷമായി ലക്ഷ്യമിടുന്നതാണ് ട്വീറ്റെന്ന് വ്യക്തം.
ഇതൊരു ട്രിക്കാണെന്നും ട്രീറ്റാണെന്നും പറയുന്ന ട്വീറ്റിൽ, ''യു കാൻ ഐ ദ ട്രിക്ക് 20 ടൈംസ്, ബട്ട് ഇറ്റ്‌സ് ദ ട്രീറ്റ് ദാറ്റ് യു ഫോൾ ഫോർ" എന്നും പറഞ്ഞുവയ്ക്കുന്നുണ്ട് ടാറ്റ. ആരാധർക്ക്, ഹാലോവീൻ ആശംസകളുടെ ട്വീറ്റിൽ ടാറ്റ നേരുന്നു. ഐ20 ഒരു 'ട്രിക്ക്" ആണെന്നും അൾട്രോസ് ഒരു 'ട്രീറ്റ്" ആണെന്നുമാണോ ടാറ്റ പറയുന്നതെന്ന് വാഹന പ്രേമികൾ ചോദിക്കുന്നു. പുതിയ ഐ20യുടെ ബുക്കിംഗിന് മികച്ച പ്രതികരണം ഹ്യുണ്ടായ് നേടുന്നുണ്ട്. അൾട്രോസിന്റെ പുതിയ പതിപ്പ് ടാറ്റയും വൈകാതെ എത്തിച്ചേക്കും. അൾട്രോസ് - ഐ20 യുദ്ധം നമുക്ക് കാത്തിരുന്ന് കാണാം.