കൊച്ചി: വാഹന ലോകത്തിന്റെ ഭാവി ഇലക്‌ട്രിക് മോഡലുകളിലാണെന്നതിൽ ആർക്കും സംശയമില്ല. ചെറു മോഡലുകൾ മാത്രമല്ല, ആത്യാഡംബര കാറുകൾ പോലും വൈദ്യുതിയിലേക്ക് മാറുകയാണ്. 2021ൽ ഇന്ത്യൻ വിപണിയെ കാത്തിരിക്കുന്നതും ഒരു ഇ-യുദ്ധമാണ്; അതും ആഡംബര കാറുകളുടെ ലോകത്ത്.
ഇലക്‌ട്രിക് വാഹന വിപ്ളവം ഇന്ത്യയ്ക്കും വിദൂരമല്ലെന്ന് നാം കണ്ടുകഴിഞ്ഞു. നിരത്തുകളിൽ ഇപ്പോഴേ കാണാം ഒട്ടേറെ ഇലക്‌ട്രിക് വാഹനങ്ങൾ. മെഴ്‌സിഡെസ് അവതരിപ്പിച്ച 'ഇ.ക്യു.സി" മോഡൽ ഇന്ത്യയിൽ ശ്രദ്ധ നേടിയിരുന്നു. മറ്റു കമ്പനികളും സമാന ട്രാക്കിലേക്ക് കടക്കുകയാണ്. 2021ൽ വിപണിയിലെത്തുന്ന മൂന്ന് ഇ-ലക്ഷ്വറി കാറുകളെ പരിചയപ്പെടാം:
ഔഡി ഇ-ട്രോൺ
ഇന്ത്യയ്ക്കായുള്ള ഔഡിയുടെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് എസ്.യു.വിയാണ് ഇ-ട്രോൺ. 2021ൽ വില്പനയ്ക്കെത്തുമെന്ന് കരുതുന്നു. മറ്റു ചില രാജ്യങ്ങളിൽ ഇ-ട്രോൺ വിപണിയിൽ ലഭ്യമാണ്. ഈവർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇ-ട്രോണിന്റെ 17,000ലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞുവെന്ന് ഔഡി വ്യക്തമാക്കുന്നു.
ജാഗ്വാർ ഐ-പേസ്
ആഡംബര എസ്.യു.വി ശ്രേണിയിൽ ജാഗ്വാർ ലാൻഡ് - റോവർ 2021ൽ വിപണിയിൽ എത്തിക്കുന്ന ഇലക്‌ട്രിക് മോഡലാണ് ഐ-പേസ്. നിലവിലെ പതിപ്പിന്റെ പരിഷ്‌കരിച്ച വേരിയന്റായിരിക്കും ഇത്. മികച്ച ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, ഫാസ്‌റ്റ് ചാർജിംഗ് തുടങ്ങി ഒട്ടേറെ ആകർഷണങ്ങൾ പ്രതീക്ഷിക്കാം.
വോൾവോ XC40
2021ന്റെ രണ്ടാം പകുതിയിൽ വോൾവോയുടെ എക്‌സ്.സി 40 റീചാർജ് ഇ.വി വിപണിയിലെത്തും. 40 മിനുട്ടിൽ 80 ശതമാനം ബാറ്ററി ചാർജ് ചെയ്യാവുന്ന ഈ മോഡൽ, ഫുൾ ചാർജിൽ 400 കിലോമീറ്റർ താണ്ടുമെന്ന് കമ്പനി പറയുന്നു.