mulla

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ.

'ഇതെല്ലാം ഓരോരുത്തരുടെ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടാണ് ഇടയ്ക്കിടെ ഇത്തരത്തിലുളള സ്ത്രീവിരുദ്ധ പരാമർശങ്ങൾ വരുന്നത്. ഉളളിലുളളതല്ലേ പുറത്തുവരാൻ പറ്റൂ. എത്ര അപകടകരമായ പരാമർശമാണ് നടത്തിയത്. ബലാത്സംഗം എന്നാൽ സ്ത്രീകളെ ബലമായി കീഴ്പ്പെടുത്തുന്ന ഒന്നാണ്. മനുഷ്യസമൂഹത്തിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒന്നാണിത്. അതിനെ എങ്ങനെയാണ് വ്യാഖ്യാനിച്ചത്. ബലാത്സംഗത്തിന് ഇരായാകുന്ന സ്ത്രീയുടെ കുറ്റമാണോ അത്?. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ ആത്മഹത്യചെയ്യണമെന്നാണ് പറഞ്ഞത്. സ്ത്രീയുടെ അന്തസിന്റെ കുറവുകൊണ്ടാണോ ബലാത്സംഗം ഉണ്ടാവുന്നത്?. ബലാത്സംഗത്തിന് വിധേയയാവുന്ന സ്ത്രീ അതിന് ഉത്തരവാദിയല്ല. ബലാത്സംഗം ചെയ്യുന്ന ആളുകളാണ് അതിന് ഉത്തരവാദി. അവർ ശിക്ഷിക്കപ്പെടണം. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കാൻ മുല്ലപ്പളളിക്ക് തോന്നിയത് നല്ലകാര്യം തന്നെ'- മന്ത്രി പറഞ്ഞു.

സർക്കാരിനെതിരെയുളള സമരം ഉദ്ഘാടനം ചെയ്യവെയായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം.ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കും. അല്ലെങ്കിൽ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും എന്നായിരുന്നു പരാമർശം. വിവാദമായതോടെ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സർക്കാരിനെതിരെയുള്ള വിമർശനം മാത്രമാണ് ഉന്നയിച്ചത്. സ്ത്രീകളെ അക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, ചിലർ പറഞ്ഞത് വളച്ചൊടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ആരോഗ്യമന്ത്രിയെ കൊവിഡ് റാണി, നിപ്പാ രാജകുമാരി എന്നൊക്കെ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. വിവാദമായെങ്കിലും മാപ്പുപറയാനോ പറഞ്ഞ വാക്കുകൾ പിൻവലിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.