കൊച്ചി: ഈവർഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് കെ.യു.വി 1OOയുടെ ഇലക്‌ട്രിപ് പതിപ്പ് മഹീന്ദ്ര പരിചയപ്പെടുത്തിയത്. വിപണിയിൽ വൻ വില്പന കൊയ്യാമെന്ന പ്രതീക്ഷയാണ് ഇ-കെ.യു.വി 1OOയ്ക്കുള്ളത്. അതിന് കാരണവുമുണ്ട്.
വിപണിയിൽ എത്തുമ്പോൾ 8.25 ലക്ഷം രൂപയാണ് ഇ-കെ.യു.വി 1OOയ്ക്ക് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില. നിലവിൽ, ഈ നിരക്കിൽ സമ്പൂർണ ഇലക്‌ട്രിക് കാർ വിപണിയിൽ വിരളമായതിനാൽ, ഇലക്‌ട്രിക് കാർ വേണമെന്ന് ആശിക്കുന്ന തുടക്കക്കാർക്ക് പ്രാപ്യമായ മോഡലാണിത്. വൈകാതെ തന്നെ ഇ-കെ.യു.വി 1OOയുടെ വില്പന മഹീന്ദ്ര ആരംഭിക്കും.
ടാറ്റാ മോട്ടോഴ്‌സ് നെക്‌സോണിന്റെ ഇ.വി പുറത്തിറക്കിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചിരുന്നു; 13.99 ലക്ഷം രൂപയാണ് നെക്‌സോൺ ഇ.വിക്ക് എക്‌സ്‌ഷോറൂം വില. എന്നിട്ടും, മികച്ച വില്പന നെക്‌സോൺ നേടി. മികച്ച പ്രകടനം നടത്തുന്ന മോട്ടറായിരിക്കും ഇ-കെ.യു.വി 1OOയിൽ ഉണ്ടാവുക. 40 കിലോവാട്ട്‌സ് കരുത്തും 120 എൻ.എം ടോർക്കും പ്രതീക്ഷിക്കുന്നു.
ഒറ്റ ചാർജിംഗിൽ 150 കിലോമീറ്റർ യാത്ര ചെയ്യാം. ഒരു മണിക്കൂറിൽ 80 ശതമാനം ബാറ്ററി ചാർജ് ചെയ്യുന്ന ഫാസ്‌റ്റ് ചാർജിംഗ് ഓപ്ഷനുമുണ്ടാകും. മഹീന്ദ്രയുടെ ജനപ്രിയ മോഡലായ എക്‌സ്.യു.വി 3OOയുടെ ഇലക്‌ട്രിക് പതിപ്പ് 2021ൽ പ്രതീക്ഷിക്കാം.