കാട്ടാക്കട: നെയ്യാർ ഡാം സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ കടുവയെ മയക്കുവെടിവച്ചു പിടികൂടി. വനംവകുപ്പിന്റെ ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് മയക്കുവെടിവച്ചത്. വയനാട്ടിൽ നിന്ന് പിടികൂടിയ കടുവ തിരുവനന്തപുരം സഫാരി പാർക്കിൽ എത്തിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ കൂട് തകർത്ത് ചാടിപ്പോയത്.
കടുവ ചാടിപ്പോയതറിഞ്ഞതോടെ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ പരിഭ്രാന്തി. സോഷ്യൽ മീഡിയ വഴി സന്ദേശം പ്രചരിച്ചതോടെയാണ് ജനം ഭയന്നത്. എന്നാൽ കടുവ പുറത്ത് ചാടിയിട്ടില്ലെന്നും പാർക്കിനുള്ളിൽ തന്നെയുണ്ടെന്നും വനംവകുപ്പ് വിശദീകരണം നൽകിയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്. എന്നാൽ രാത്രി വൈകിയും വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നെയ്യാർഡാമിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ കടുവയെ കണ്ടെന്നുവരെ സന്ദേശം എത്തി. കടുവ പുറത്ത് ചാടിയതറിഞ്ഞ് കാണാനായി എത്തിയവരെ നിയന്ത്രിക്കാനും പൊലീസ് പാടുപെട്ടു. വനംവകുപ്പും പൊലീസും ശക്തമായ തെരച്ചിൽ നടത്തിയെങ്കിലും രാത്രി എട്ടരയോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അൻജൻകുമാർ, ഡി.എഫ്.ഒമാരായ പ്രദീപ്കുമാർ, ജെ.ആർ. അനിൽ, നെയ്യാർഡാം റേഞ്ച് ഓഫീസർ ജി. സന്ദീപ് കുമാർ, വനംവകുപ്പ് ഡോക്ടർ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി വൈകിയും നെയ്യാർഡാമിൽ തങ്ങി. തുടർന്ന്, വനംവകുപ്പിന്റെ ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം ഇന്ന് രാവിലെയോടെ നെയ്യാർഡാമിലെത്തുകയായിരുന്നു.