വിശാഖട്ടണം: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾക്കൂട്ടത്തിന് മുന്നിൽവച്ച് യുവാവ് കഴുത്തറുത്തുകൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപത്തായിരുന്നു സംഭവം. വരലക്ഷ്മി എന്ന പതിനേഴുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനിൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
സായിബാബ ക്ഷേത്രത്തിന് സമീപത്ത് ആൾത്തിരക്കുളള റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു വരലക്ഷ്മി ആക്രമിക്കപ്പെട്ടത്. ഇരുവരും തമ്മിൽ ചൂടേറിയ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് മൂർച്ചയേറിയ ആയുധമുപയോഗിച്ച് അനിൽ വരലക്ഷ്മിയുടെ കഴുത്തറുക്കുകയുമായിരുന്നു. രക്തംവാർന്ന് വരലക്ഷ്മി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. രക്ഷപ്പെടാനുളള ശ്രമത്തിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വിവാഹാഭ്യർത്ഥന നിരസിക്കുകയാണെങ്കിൽ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അനിൽ എത്തിയത്.
വരലക്ഷ്മിയെ അനിലിന് നേരത്തേ പരിചയമുണ്ടെന്നും പലതവണ ഇയാൾ വിവാഹാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. കൊലയ്ക്കുപിന്നിൽ വേറെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് വ്യക്തമാക്കി.