cycus

കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇപ്പോൾ വ‌ർദ്ധിച്ച് വരികയാണ്. ലോകമെമ്പാടും ഇതിന്റെ പ്രതികൂല ഫലങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. എഴുത്ത്, അവതരണം, ടിവി സെഗ്മെന്റുകള്‍, സെമിനാറുകള്‍, കണ്‍വെന്‍ഷനുകള്‍,എന്നിവയിലൂടെയെല്ലാം കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇവയിലൂടെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നല്ല മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്.

60 ദശലക്ഷം വര്‍ഷങ്ങളായി കാണാത്ത പുരാതനമായ ഒരു ചെടി, ചൂട് വർദ്ധിക്കുന്നതിനാൽ ഇപ്പോൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. യു കെയിലാണ് ഈ ചെടി കണ്ടെത്തിയത്. സമീപ കാലത്തുണ്ടായ ഉഷ്ണക്കാറ്റാണ് അസാധാരണമായ ഈ വളര്‍ച്ചക്ക് കാരണം. സൈകാസ് റിവോളൂട്ട ജുറാസിക് കാലഘട്ടത്തില്‍ യു കെയുടെ ഭാഗമായ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നുവെന്നാണ് അനുമാനിക്കുന്നത്.

ഏകദേശം 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം, ഇപ്പോൾ ഇവ സ്വാഭാവികമായി വളര്‍ന്നു എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.അക്കാലത്ത് ഭൂമിയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വളരെ കൂടുതലായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ദ്ധിക്കുന്നത് അതിന്റെ വളര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന് സസ്യശാസ്ത്രജ്ഞര്‍ പറയുന്നു. വര്‍ദ്ധിച്ച താപനിലയാണ് ഇപ്പോൾ ഈ സസ്യങ്ങൾ തിരിച്ചുവരാന്‍ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. അലാസ്‌കയിലും അന്റാര്‍ട്ടിക്കയിലും ഫോസിൽ രൂപത്തിൽ ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തണുത്ത താപനിലയായതിനാൽ ഇവയ്ക്ക് ഒരിക്കലും അവിടെ വളരാൻ കഴിയില്ല.

കാലാവസ്ഥാ വ്യതിയാനംമൂലം ഐല്‍ ഓഫ് വൈറ്റിലെ വെന്റര്‍ ബൊട്ടാണിക് ഗാര്‍ഡനിൽ സൈകാസ് റിവോളൂട്ട ഇപ്പോള്‍ കൃഷി ചെയ്യുന്നു. ഈ ഉദ്യാനം മറ്റ് പ്രധാന ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് ശരാശരി അഞ്ച് ഡിഗ്രിവരെ ഉയര്‍ന്ന താപനില രേഖപ്പെടുത്താറുണ്ട്. ഐല്‍സ് ഓഫ് സില്ലിക്ക് ശേഷം യു കെയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന സ്ഥലം കൂടിയാണിത്. 'ഈ പ്രദേശത്തെ താരതമ്യേന ഉയര്‍ന്ന താപനില സസ്യങ്ങള്‍ വളരാന്‍ അനുയോജ്യമാണ്. ആണ്‍-പെണ്‍ പൂവുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്നതിനാൽ 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പരാഗണം നടത്താനും വിത്തുകള്‍ ഉല്‍പാദിപ്പിക്കാനും ഉള്ള ആവേശകരമായ അവസരമാണെന്ന്' വെന്റ്നര്‍ ബൊട്ടാണിക് ഗാര്‍ഡനിലെ സസ്യശാസ്ത്രജ്ഞനായ ലിസ് വാക്കര്‍ പറയുന്നു.