harpreet-singh

 ഇന്ത്യൻ വിമാനക്കമ്പനിയുടെ സി.ഇ.ഒ ആകുന്ന ആദ്യ വനിത

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിമാനക്കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) പദവി ഒരു വനിതയ്ക്ക് സ്വന്തം. എയർ ഇന്ത്യയുടെ പ്രദേശിക ഉപസ്ഥാപനമായ അലയൻസ് എയറിന്റെ സി.ഇ.ഒയായി ഹർപ്രീത് എ. ഡി സിംഗിനെയാണ് കേന്ദ്രസർക്കാർ നിയമിച്ചത്. എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ രാജീവ് ബൻസാൽ നിയമന ഉത്തരവിറക്കി.

എയർ ഇന്ത്യയുടെ ഫ്ലൈറ്റ് സേഫ്‌റ്റി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി പ്രവർത്തിക്കുകയായിരുന്നു ഹർപ്രീത് സിംഗ്. ഹർപ്രീത് ഒഴിയുന്ന എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പദവിയിലേക്ക് മറ്റൊരു വനിതയായ ക്യാപ്‌റ്റൻ നിവേദിത ഭാസിൻ എത്തും. എയർ ഇന്ത്യയുടെ ഏറ്റവും മുതിർന്ന കമാൻഡർമാരിലൊരാളായ ക്യാപ്‌റ്റൻ നിവേദിത, ബോയിംഗ് 787 ഡ്രീംലൈനറിന്റെ സാരഥിയാണ്. എയർ ഇന്ത്യയുടെ മറ്റ് ചില വിഭാഗങ്ങളുടെ തലൈവിയായും നിവേദിത പ്രവർത്തിക്കും.

എയർ ഇന്ത്യയിൽ മൂന്നു ദശാബ്‌ദത്തിലേറെക്കാലത്തെ പ്രവർത്തന സമ്പത്തുമായാണ്, ഹർപ്രീത് ഒരു ഇന്ത്യൻ വിമാനക്കമ്പനിയുടെ ഏറ്റവും ഉന്നതസ്ഥാനത്ത് എത്തുന്ന ആദ്യ വനിതയെന്ന പട്ടം ചൂടുന്നത്. വ്യോമയാന രംഗം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന നിലവിലെ സാഹചര്യത്തിൽ അലയൻസ് എയറിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഹർപ്രീതിന് കഴിയുമെന്ന് സർക്കാരും എയർ ഇന്ത്യയും വിശ്വസിക്കുന്നു. പുതിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹർപ്രീത് സി.ഇ.ഒ സ്ഥാനം വഹിക്കും.

ഹർപ്രീത് സിംഗ്

1988ൽ പൈലറ്റായാണ് ഹർപ്രീത് സിംഗ് എയർ ഇന്ത്യയിലെത്തുന്നത്. എയർ ഇന്ത്യ നിയമിച്ച ആദ്യ വനിതാ പൈലറ്റ് എന്ന പട്ടവും അന്ന് അവർ ചൂടി. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഹർപ്രീത്, ഫ്ലൈറ്റ് സേഫ്‌റ്റി വിഭാഗത്തിലേക്ക് മാറുകയായിരുന്നു. വിമൻ പൈലറ്റ് അസോസിയേഷന്റെ മേധാവിയും ഹർപ്രീതാണ്.

ക്യാപ്‌റ്റൻ നിവേദിത, ക്യാപ്‌റ്റൻ ക്ഷംത ബാജ്പേയ് എന്നിവരും അസോസിയേഷനിലുണ്ട്. ഇന്റർനാഷണൽ സൊസൈറ്റി ഒഫ് വിമൻ എയർലൈൻ പൈലറ്റ്‌സിന്റെയും സാരഥിയായിരുന്നു ഹർപ്രീത്. എയർ ഇന്ത്യയിൽ ലയിച്ച ഇന്ത്യൻ എയർലൈൻസ് 1980കളിൽ നിയമിച്ച ക്യാപ്റ്റൻ സൗദാമണി ദേശ്‌മുഖ് ആണ് ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ്.

10%

ലോകത്ത് വനിതാ പൈലറ്റ് അനുപാതത്തിൽ മുന്നിലാണ് ഇന്ത്യ. 10 ശതമാനമാണ് ഇന്ത്യയിലെ നിരക്ക്. ആഗോള നിരക്ക് 2-3 ശതമാനമാണ്. ഇന്ത്യയിൽ എയർ ഇന്ത്യയിലാണ് കൂടുതൽ വനിതാ പൈലറ്റുമാരുള്ളത്.

ഒറ്റയ്ക്ക് നിൽക്കാൻ

അലയൻസ് എയർ

എയർ ഇന്ത്യയെ പൂർണമായി വിറ്റൊഴിയാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ സാറ്റ്‌സ് എന്നിവയിലെ സർക്കാർ ഓഹരികൾ എന്നിവയാണ് വിറ്റൊഴിയുക. എന്നാൽ, ഉപസ്ഥാപനമായ അലയൻസ് എയറിനെ വിൽക്കുന്നില്ല. അലയൻസ് പൊതുമേഖലയിൽ തുടരും. എയർ ഇന്ത്യയുടെ പഴയ ബോയിംഗ് 747 വിമാനങ്ങൾ അലയൻസിന് കൈമാറിയേക്കും.

 ഫോട്ടോ:

ഹർപ്രീത് സിംഗ്, അലയൻസ് എയറിന്റെ വനിതാ കാബിൻ ക്രൂവിനൊപ്പം (ഫയൽ ചിത്രം)