kt-kunjumon

ബ്രഹ്മാണ്ഡം എന്ന വാക്ക് തെന്നിന്ത്യൻ സിനിമയിൽ അവതരിപ്പിച്ച നിർമ്മാതാവാണ് കെടി കുഞ്ഞുമോൻ. ജെന്റിൽമാൻ, കാതലൻ, സൂര്യൻ, കാതൽ ദേശം തുടങ്ങി കുഞ്ഞുമോൻ നിർമ്മിച്ച ചിത്രങ്ങൾ ഹിറ്റുകളുടെ പര്യായമായി മാറിയ ഒരുകാലമുണ്ടായിരുന്നു. സംവിധായകൻ ഷങ്കർ തന്റെയടുത്ത് വരുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് കുഞ്ഞുമോൻ പറയുന്നു.

'ഷങ്കറിന്റെ അച്ഛൻ കാർ ബ്രോക്കറോ മറ്റോ ആയിരുന്നു. ബിസിനസ് പൊളിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സമയം. അമ്പതിനായിരം രുപയാണ് ഷങ്കറിന് ജെന്റിൽമാനിൽ പറഞ്ഞുറപ്പിച്ച പ്രതിഫലം. അയ്യായിരം രൂപ അഡ്വാൻസ് നൽകിയിട്ട് ഞാൻ പറഞ്ഞു, ഇത് അഞ്ചു കോടിയായി കരുതിക്കോളാൻ. സിനിമ വലിയ ഹിറ്റായപ്പോൾ ചെറിയൊരു വീട്ടിൽ താമസിച്ചിരുന്ന ഷങ്കറിന് ഒരു ഫ്ളാറ്റും അന്നത്തെ വലിയ കാറായ മാരുതി 800 ഉം വാങ്ങി നൽകി. പിന്നെ കുറച്ച് കാശും കൊടുത്തു. ഷങ്കറിന്റെ അസിസ്‌റ്റന്റ്സിനെല്ലാം ഓരോ കൈനറ്റിക് ഹോണ്ട സ്കൂട്ടറും, സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഓരോ കുതിരപ്പവനും നൽകി. എല്ലാവരുടെയും പ്രയത്ന ഫലമായാണ് ആ സിനിമ ഹിറ്റായതും എനിക്ക് ലാഭം കിട്ടിയതും. നായകനും സംവിധായകനും മുതൽ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം നൽകണമെന്നതും എനിക്ക് നിർബന്ധമാണ്'- കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ.ടി കുഞ്ഞുമോന്റെ വാക്കുകൾ.

ജെന്റിൽമാൻ കഴിഞ്ഞ് അഞ്ച് സിനിമകൾ ചെയ്യണമെന്നതായിരുന്നു ഷങ്കറുമായിട്ടുള്ള വാക്കാലുള്ള കരാറെന്നും, പക്ഷേ രണ്ട് സിനിമ കഴിഞ്ഞ് ഷങ്കർ തനിക്ക് വേണ്ടി സിനിമ ചെയ‌്തില്ലെന്നും കുഞ്ഞുമോൻ പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം നവംബർ ലക്കം ഫ്ളാഷ് മൂവീസിൽ.