വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ, ട്രംപിന് തിരിച്ചടിയായി ചൈനീസ് ആപ്പായ ടിക്‌ടോകിന് 12 മുതൽ നിലവിൽ വരാനിരുന്ന നിരോധനം അമേരിക്കൻ കോടതി തടഞ്ഞു.
പെൻസിൽവാനിയയിലെ ജില്ലാ കോടതി ജഡ്ജിയായ വെൻഡി ബീറ്റ്ൽസ്‌റ്റോണാണ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ടിക്‌ടോക് നിരോധിച്ച് ഇറക്കിയ ഓർഡർ നടപ്പാക്കുന്നത് തടഞ്ഞത്. ടിക്‌ടോകിന്റെ കണ്ടെന്റ് കൈമാറ്റവും, സാങ്കേതിക കൈമാറ്റങ്ങളും തടഞ്ഞായിരുന്നു കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഉത്തരവ്.
പുതിയ നിയമം നടപ്പിലാക്കിയാൽ അമേരിക്കയിൽ ടിക്‌ടോക് പൂട്ടുന്നതിനു തുല്യമായിരിക്കും. ആഗോളതലത്തിൽ ടിക് ടോക് ഉപയോഗിക്കുന്ന 700 ദശലക്ഷം ഉപയോക്താക്കളിൽ 100 ദശലക്ഷം പേർ അമേരിക്കയിലാണ്.
ഇതിൽ 50 ദശലക്ഷം പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു.
കോടതി വിധിയെക്കുറിച്ച് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടാൽ ആപ്പിന്റെ പ്രവർത്തനക്ഷമത കാര്യമായി കുറയുമെന്നും പിന്നീട് ആപ്പിന്റെ പ്രവർത്തത്തിന്റെ ആകർഷണീയത നഷ്ടമാകുമെന്നും അധികാരികൾ സമ്മതിച്ചു.
നിരോധനത്തിനെതിരെ പരാതി നൽകിയ മൂന്നു പേർ, വിധി ആവിഷ്‌കാര സ്വാതന്ത്ര്യവും, സംഭാഷണ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതാണെന്ന് പറഞ്ഞു. വിധിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. പ്രസിഡന്റിന്റെ അധികാര പരിധിക്കു വെളിയിലുള്ള കാര്യമാണ് വിധിയിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചത്. അതിന് കോടതി തടയിട്ടു - പരാതിക്കാർക്കായി ഹാജരായ അറ്റോർണി അംബികാ കുമാർ ഡോറൻ പറഞ്ഞു. കേസ് നവംബർ നാലിന് വീണ്ടും മറ്റൊരു കോടതി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് നിരോധിക്കാനൊരുങ്ങിയത്.
ആപ് പ്രവർത്തിക്കണമെങ്കിൽ ഒരു അമേരിക്കൻ കമ്പനിക്ക് അമേരിക്കയിലെ പ്രവർത്തനാവാകാശം വിറ്റൊഴിയണമെന്ന ട്രംപിന്റെ ഉത്തരവിനെ തുടർന്ന് ഓറക്കിൾ, വാൾമാർട്ട് എന്നീ കമ്പനികൾക്ക് ടിക്‌ടോകിൽ പങ്കാളിത്തം നൽകാൻ ബൈറ്റ് ഡാൻസ് ശ്രമിച്ചെങ്കിലും ഇതുവരെ സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ല. 12നു മുൻപ് അംഗീകാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പുമില്ല.
ഞങ്ങളുടെ ആപ്പിനു ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണ അഗാധമായി സ്പർശിച്ചിരിക്കുന്നു-ടിക്‌ടോക് അമേരിക്കയുടെ താത്കാലിക മേധാവി വനേസാ പാപ്പാസ്