പാരിസ്: ഫ്രാൻസിലെ ലിയോണിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികനായ നിക്കോളാസ് കാകാവെലാകിയ്ക്ക് വെടിയേറ്റു.അക്രമി അറസ്റ്റിൽ.ശനിയാഴ്ച ചടങ്ങുകൾക്ക് ശേഷം പള്ളി അടക്കുന്നതിനിടെയാണ് വൈദികന് അജ്ഞാതന്റെ വെടിയേറ്റത്. കൃത്യം നടത്തിയ ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെങ്കിലും ഇയാളെ പിന്നീട് പിടികൂടി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദികന്റെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ കയ്യിൽ നിന്ന് ആയുധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മാനുഷിക മൂല്യങ്ങൾക്കെതിരെയുള്ള ഭീകരതയാണിതെന്ന് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് ആർച്ച് ബിഷപ് ലെറോനിമോസ് അപലപിച്ചു.കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് വെള്ളിയാഴ്ച മുതൽ ഫ്രാൻസിൽ രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.മതനിന്ദ ആരോപിച്ച് അദ്ധ്യാപകനായ സാമുവൽ പാറ്റിയെ ശിരസറുത്ത് കൊലപ്പെടുത്തിയത് മുതൽ ഫ്രാൻസ് സംഘർഷാവസ്ഥയിലാണ്. കഴിഞ്ഞ ദിവസം, നീസിലെ പള്ളിയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.