ഇസ്ലാമാബാദ്: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യൻ എയർഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ പി.എം.എൽ (എൻ) നേതാവും, പാകിസ്ഥാൻ ദേശീയ അസംബ്ലി മുൻ സ്പീക്കറുമായ എം.പി അയാസ് സാദിഖിനെതിരെ വിമർശനം ശക്തമാകുന്നു.
വർദ്ധമാനെ കസ്റ്റഡിയിലെടുത്തതോടെ യുദ്ധ ഭീതിയിൽ പാക് പട്ടാളത്തലവന്റെ മുട്ടുവിറച്ചുവെന്ന പരാമർശമാണ് പരിഹാസത്തിന് കാരണം.
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയുടെ പ്രമുഖ നേതാവായ സാദിഖിനെതിരെ സ്വന്തം മണ്ഡലത്തിൽ ട്രോൾ ബോർഡുകളും ഉയർന്നിട്ടുണ്ട്. ചില പോസ്റ്ററുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഭിനന്ദനെയും കാണാം.
അഭിനന്ദനെ പിടികൂടിയ ശേഷം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മൂദ് ഖുറേഷി അന്ന് അടിയന്തര യോഗം വിളിച്ചിരുന്നു. എത്രയും പെട്ടെന്ന് അഭിനന്ദനെ വിട്ടുകൊടുത്തില്ലെങ്കിൽ ഇന്ത്യ നമ്മളെ ആക്രമിക്കുമെന്ന് ഖുറേഷി യോഗത്തിൽ അറിയിച്ചു.
ഇതു കേട്ട് പാക് പട്ടാള തലവൻ ഖമർ ജാവേദ് ബജ്വയുടെ മുട്ടുവിറച്ചുവെന്നും ദൈവത്തെയോർത്ത് അഭിനന്ദനെ വിട്ടുകൊടുക്കണമെന്ന് ഇമ്രാൻഖാനോട് ആവശ്യപ്പെട്ടുവെന്നത് തനിക്ക് അറിയാമെന്നുമായിരുന്നു അയാസ് സാദിഖ് പാർലമെന്റിൽ സംസാരിച്ചത്. ഇത് വലിയ വിവാദമായി.അഭിനന്ദൻ വർദ്ധമാന്റെ പോലെ അയാസ് സാദിഖിന് മീശ വച്ചാണ് പലയിടങ്ങളിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. അയാസ് സാദിഖ് രാജ്യത്തെ അപമാനിച്ചുവെന്നും നിയമ നടപടിക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് എതിരാളികളും രംഗത്തെത്തിയിട്ടുണ്ട്.