കൊവിഡ് കാലത്തും ജനത്തെ തെരുവ് നായ്ക്കള്‍ ഭയപ്പെടുത്തുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ തടയുന്നത് നിയമങ്ങളിലെ വ്യവസ്ഥകളാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ക്കാണ് നായകളുടെ കടിയേറ്റത്. കൊവിഡ് സമയത്ത് യഥാസമയം ഭക്ഷണം ലഭിക്കാതായതോടെ നിരത്തിലിറങ്ങുന്ന ആളുകളെ ലക്ഷ്യം വയ്ക്കുകയാണ് തെരുവ് നായകള്‍. നാടും നഗരവും അടഞ്ഞു കിടന്നതും, വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് വിരാമമിട്ടതും റോഡില്‍ ഭക്ഷണാവശിഷ്ടം ലഭിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ട്.
കൂട്ടമായെത്തി ആക്രമിക്കുന്ന തെരുവ് നായകള്‍ കാല്‍ നടക്കാര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഭീഷണിയാവുകയാണ്. നായകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വന്ധ്യംകരമണടക്കമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തപ്പെടുന്നുണ്ടെങ്കിലും നായകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് വാസ്തവം. കേരളത്തില്‍ നായകളുടെ പ്രജനന നിയന്ത്രണം നടപ്പിലിലാക്കാനുള്ള പദ്ധതികളെ കുറിച്ചും അതിലെ പോരായ്മകളെ കുറിച്ചും അന്വേഷിക്കുകയാണ് നേര്‍ക്കണ്ണിന്റെ ഈ ലക്കം.