invest

കൊവിഡ് കാലം നമ്മെ പഠിപ്പിച്ചൊരു പാഠമുണ്ട്; വരുമാനം എത്ര തന്നെയായാലും അതിൽ നിന്നൊരു ഭാഗം അത്യാവശ്യത്തിനായെങ്കിലും മാറ്റിവയ്ക്കണമെന്ന്. എന്നാൽ, എങ്ങനെയാണ് വരുമാനത്തിൽ നിന്ന് മിച്ചം പിടിക്കുക? നമുക്കൊന്ന് നോക്കാം:

ഒരു ദിവസ വേതനക്കാരന് മാസം 25 ദിവസം ജോലിയുണ്ട്. വേതനം 800 രൂപ കണക്കാക്കിയാൽ മാസം 20,000 രൂപ. അയാൾ ഒരുദിവസം 100 രൂപ മാറ്റിവച്ചാൽ തന്നെ പ്രതിമാസം 2,500 രൂപയുണ്ടാകും. ഈ തുകയ്ക്ക് ബാങ്കിൽ ഒരു ആർ.ഡി തുടങ്ങാം. അല്ലെങ്കിൽ ഇന്നലെ കാലത്തെ പ്രധാന നിക്ഷേപമാർഗമായ മ്യൂച്വൽഫണ്ടിൽ എസ്.ഐ.പിയിലൂടെ നിക്ഷേപിക്കാം. പ്രതിദിന എസ്.ഐ.പി നിക്ഷേപം സാദ്ധ്യമാണ്.

മ്യൂച്വൽഫണ്ട് നിക്ഷേപം എത്രനാൾ നീണ്ടിക്കൊണ്ടു പോകാനും എപ്പോൾ വേണമെങ്കിലും നിറുത്താനും കഴിയും. 10 കൊല്ലത്തേക്ക് പ്രതിമാസം അയാൾ 2,500 രൂപ വീതം നിക്ഷേപിച്ചാൽ, ഏഴ് ശതമാനം പലിശനിരക്കിൽ 4.35 ലക്ഷം രൂപ സ്വരൂപിക്കാം. റിട്ടേൺ ഒമ്പത് ശതമാനം കണക്കാക്കിയാൽ, തുക അഞ്ചുലക്ഷം രൂപയും കവിയും.

അതായത്, നാം ദിവസേന 100 രൂപ മാറ്റിവച്ചാൽ തന്നെ ചെറിയൊരു വീട് നിർമ്മിക്കാനോ കുട്ടികളുടെ പഠനത്തിനോ വിവാഹത്തിനോ സഹായകമാകുന്ന തുക സ്വരൂപിക്കാൻ കഴിയും. കേരളത്തിൽ മദ്യം വാങ്ങാൻ പോലും ചിലർ 100 രൂപയിലധികം ചെലവ് ചെയ്യുന്നുണ്ടെന്ന് ഓർക്കണം. ഇവർ ഈ പണം നിക്ഷേപത്തിലേക്ക് മാറ്റിയാൽ വൻതുകയാണ് ഭാവിയിലെ സുരക്ഷിത ജീവിതത്തിനായി ലഭിക്കുക.

വേണം 25%

ഒരാൾ തന്റെ വരുമാനത്തിന്റെ 25 ശതമാനമെങ്കിലും പിന്നത്തേക്കായി മാറ്റിവയ്ക്കണമെന്നാണ് കണക്ക്. അങ്ങനെ നോക്കിയാൽ ദിവസം കിട്ടുന്ന 800 രൂപയിൽ 200 രൂപ മാറ്റിവയ്ക്കണം. ഇതിൽ പാതി ദീർഘകാലത്തേക്കും പാതി അത്യാവശ്യ ചെലവുകൾക്കായും ഉപയോഗിക്കണം.

അത്യാവശ്യം, ആവശ്യം, ജീവിതശൈലി എന്നിങ്ങനെ മൂന്നിനം ചെലവുകളാണ് നമുക്കുള്ളത്. ഇതിൽ മൂന്നാമത്തെ വിഭാഗത്തിലെ ചെലവ് നമുക്ക് പരമാവധി ചുരുക്കാനാകും. ആഴ്‌ചയിലൊരു ദിനമെങ്കിലും ചെലവില്ലാദിനമായി ആചരിക്കണം. പാൽ, പത്രം എന്നിങ്ങനെ അനിവാര്യമായവ ഒഴിച്ച് ബാക്കിച്ചെലവ് വേണ്ടെന്നുവയ്ക്കാം. മിച്ചം വയ്ക്കുന്ന പണം സമ്പാദ്യത്തിലേക്ക് മാറ്റാം.

ജോലി നഷ്‌ടപ്പെടുകയോ അസുഖം വരുകയോ ഒക്കെ ചെയ്‌താൽ ആറുമാസത്തേക്ക് ചെലവാക്കാനുള്ള കരുതൽ ധനമെങ്കിലും നമ്മുടെ കൈയിൽ ഉണ്ടാവണം. ബിസിനസുകാരും വ്യക്തികളുമെല്ലാം ഈ ചിട്ട പാലിക്കാൻ ശ്രമിക്കണം. നികുതി ലാഭിക്കാനുള്ള നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്തിയാൽ രണ്ടാണ് ലാഭം, നികുതിയും ലാഭിക്കാം. മികച്ച വരുമാനും നേടാം.

മറ്റുള്ളവരുടെ ജീവിതം നമ്മുടേതിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണെന്ന് ഓർക്കുക. മറ്റൊരാളുടെ രീതികൾ നമ്മുടേതാക്കി മാറ്റാൻ ശ്രമിക്കരുത് - ചിലവുകളിലായാലും നിക്ഷേപത്തിലായാലും.

(നിക്ഷേപകാര്യ വിദഗ്ദ്ധനും ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഇൻവെസ്‌റ്റ്മെന്റ് അനലിസ്‌റ്റ് ചീഫ് മാനേജരുമാണ് ലേഖകൻ)