kerala

തി​രുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മറുപടി നൽകാൻ ചുമതലപ്പെട്ട കേരള സർവകലാശാല രജിസ്ട്രാറും ജോയിന്റ് രജിസ്ട്രാറും കീഴുദ്യോഗസ്ഥരും നിരുത്തരവാദപരമായാണ് വിവരാവകാശം സംബന്ധിച്ചുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ കണ്ടെത്തി.


ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയിൽ വിവരാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും, പ്രത്യേകമായി രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർക്കും ബോധവത്കരണ ക്ലാസ് ഏർപ്പെടുത്താൻ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ സർവ്വകലാശാല വൈസ് ചാൻസലർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതി​നൊപ്പം ജോയിന്റ് രജിസ്ട്രാർ വിവരാവകാശ നിയമത്തിന്റെ സദുദ്ദേശ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന തരത്തിൽ ഗുരുതരമായ ചട്ട ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനാൽ ശിക്ഷാ നടപടികൾ ഒഴിവാക്കണമെങ്കി​ൽ 15 ദിവസത്തിനകം കമ്മീഷൻ മുമ്പാകെ വി​ശദീകരണം നൽകണമെന്നും ഉത്തരവി​ട്ടു.


സർവകലാശാലയിൽ നിന്ന് മനശാസ്ത്ര വിഭാഗം അദ്ധ്യക്ഷനായി 2018 മാർച്ച് മാസത്തിൽ വിരമിച്ച പ്രൊഫസർ ഇമ്മാനുവൽ തോമസ് സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന കമ്മീഷന്റെ നടപടി. ഡോ. ഇമ്മാനുവൽ തോമസി​നെ കാരണം കാണിക്കാതെയും വിശദീകരണം തേടാതെയും അദ്ദേഹം നേരത്തേ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സ്ഥലത്തും കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കാമ്പസി​ലും കയറുന്നതിൽ നി​ന്ന് വിലക്കുന്നതിന് കഴിഞ്ഞ ജൂണി​ൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോ. ഇമ്മാനുവൽ തോമസ് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷക്ക് മറുപടിയായി സർവകലാശാലാ അധികൃതർ കൈമാറിയ വിവരങ്ങൾ ചോദ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവയായിരുന്നു എന്നും ശരിയായ ഉത്തരങ്ങൾ നല്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുന്ന തരത്തിലുള്ളവയായിരുന്നു എന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു.