pm-modi

ചമ്പാരണ്‍: രാമന്റെ അസ്തിത്വം അംഗീകരിക്കാത്ത പ്രതിപക്ഷത്തെ ഓര്‍ത്തുവയ്ക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച ചമ്പാരനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അവര്‍ക്ക് യുക്തിയില്ല,അവര്‍ രാഷ്ട്രീയം കളിക്കുകയാണ്.നുണയും ഭീതിയും പടര്‍ത്തുകയാണ്. അവര്‍ പറയുന്നത് എസ് സി/എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം എടുത്തുകളയാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നാണ്. എന്നാല്‍ എന്‍.ഡി.എയാണ് സംവരണം 10 ശതമാനം വര്‍ദ്ധിപ്പിച്ചത്. പ്രതിപക്ഷം നിഷ്‌കളങ്കമായ മുഖം പുറത്തുകാട്ടി കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

മഹാഗട്ട്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചമ്പാരന് ബീഹാര്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഒരുപാട് ചെയ്യാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറില്‍ 71 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 172 സീറ്റുകളിലേക്ക് നവംബര്‍ 3നും ഏഴിനുമാണ് തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിനു ഫലം പ്രഖ്യാപിക്കും.

ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുല്‍ ഗാന്ധിയേയും അഖിലേഷ് യാദവിനെയും പേരെടുത്തു പറയാതെ പരിഹസിച്ചിരുന്നു മോദി. ബീഹാറില്‍ രാഹുല്‍ ഗാന്ധി കൈകോര്‍ത്തിരിക്കുന്നത് തേജസ്വി യാദവുമായിട്ടാണ്. 'ജംഗിള്‍ രാജിന്റെ യുവരാജ്' എന്നാണു തേജസ്വിയെ മോദി വിശേഷിപ്പിച്ചിരുന്നത്.