അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷതയാണ് പോപ്പുലർ വോട്ടും ഇലക്ടറൽ കോളേജും. ജനങ്ങൾ നേരിട്ട് ചെയ്യുന്ന വോട്ടാണ് പോപ്പുലർ വോട്ട്. അമേരിക്കൻ ജനത ചെയ്യുന്ന ഈ വോട്ട് നേരിട്ട് പ്രസിഡന്റ് സ്ഥാനാർത്ഥിക്കല്ല. മറിച്ച് തങ്ങളുടെ സ്ഥാനാർത്ഥിയെ തിരഞ്ഞടുക്കാനുള്ള ഇലക്ടർമാർക്കാണ്. പോപ്പുലർ വോട്ടിൽ ഭൂരിപക്ഷം നേടുന്ന സ്ഥാനാർത്ഥി അമേരിക്കൻ പ്രസിഡന്റ് ആവണമെന്നില്ല. ഇലക്ടറൽ കോളേജിൽ ഭൂരിപക്ഷം കിട്ടുന്നയാളാണ് പ്രസിഡന്റാവുക.2016ലെ തിരഞ്ഞെടുപ്പിൽ ഹിലാരി ക്ളിന്റണിന്റെ പരാജയം ഇതിന് ഉദാഹരണം.
ഇലക്ടറൽ കോളേജ്
50 സംസ്ഥാനങ്ങൾക്കും ഭരണസിരാകേന്ദ്രവും യു. എസ് തലസ്ഥാനവുമായ വാഷിംഗ്ടൺ ഡി. സിക്കുമായി (കൊളംബിയ ഡിസ്ട്രിക്ട് ) 538 ഇലക്ടർമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്. പ്രസിഡന്റാവാൻ 270 പേരുടെ (കേവല ഭൂരിപക്ഷം) പിന്തുണ വേണം.
ഓരോ സംസ്ഥാനത്തിനും അമേരിക്കൻ കോൺഗ്രസിൽ ( പ്രതിനിധിസഭയിലും സെനറ്റിലും ) ഉള്ള സാമാജികരുടെ എണ്ണത്തിന് തുല്യമാണ് അതത് സംസ്ഥാനത്തെ ഇലക്ടർമാരുടെ എണ്ണം. (പ്രതിനിധി സഭയിൽ 435 അംഗങ്ങളും സെനറ്റിൽ 100 അംഗങ്ങളും.) കൂടാതെ ഭരണഘടനയുടെ 22ാം ഭേദഗതി പ്രകാരം കൊളംബിയ ജില്ലയ്ക്ക് മൂന്ന് ഇലക്ടർമാരും. മൊത്തം 538 ഇലക്ടർമാർ.
കൂടുതൽ ഇലക്ടർമാർ കാലിഫോർണിയ സംസ്ഥാനത്താണ് -55 പേർ. ഏറ്റവും കുറവ് മൂന്ന് ഇലക്ടർമാരുള്ള ചില സംസ്ഥാനങ്ങളിൽ. സ്ഥിരമായി ഒരു പക്ഷത്തിന് വോട്ട് ചെയ്യാത്ത ഏഴോ എട്ടോ സംസ്ഥാനങ്ങളാണ് പലപ്പോഴും വിജയം നിർണയിക്കുന്നത്.
ഇലക്ടർമാർ
ഓരോ കോൺഗ്രസ് ഡിസ്ട്രിക്ടിലും (പാർലമെന്റ് മണ്ഡലം) വിശ്വസ്തനും പ്രമുഖനുമായ ഒരാളെ വീതം ഇലക്ടറായി അതത് പാർട്ടികൾ തിരഞ്ഞെടുപ്പിന് മുമ്പേ നിശ്ചയിക്കും. പോപ്പുലർ വോട്ടിംഗ് കഴിഞ്ഞാൽ സംസ്ഥാന ഗവർണർമാർ വോട്ടിംഗ് നില പരിശോധിച്ച് ഇലക്ടറൽ ലിസ്റ്റ് അംഗീകരിക്കും.നെബ്രാസ്ക, മെയിൻ സംസ്ഥാനങ്ങളിൽ ഒഴികെ പോപ്പുലർ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഇലക്ടർമാരെ തിരഞ്ഞെടുക്കുന്നത്.
വിമർശനങ്ങൾ
ഇലക്ടറൽ കോളേജ് ജനാധിപത്യ വിരുദ്ധമാണ്. പോപ്പുലർ വോട്ടിൽ തോറ്റാലും പ്രസിഡന്റാവാം.
മിക്ക സംസ്ഥാനങ്ങളിലും പോപ്പുലർ വോട്ടിൽ ജയിക്കുന്നവർക്ക് അതത് സംസ്ഥാനത്തെ ഇലക്ടറൽ കോളേജിന്റെ മൊത്തം വോട്ടും കിട്ടും.
ജയിച്ചവർ എല്ലാം സ്വന്തമാക്കുന്ന ( വിന്നർ ടേക്സ് ആൾ ) സമീപനം. തോറ്റ സ്ഥാനാർത്ഥിയുടെ ഇലക്ടറൽ വോട്ടുകളും എതിരാളിക്ക് പോകും. അയാൾക്ക് കിട്ടേണ്ട വോട്ടുകൾക്ക് യാതൊരു പ്രസക്തിയും ഇല്ലാതാകും.
ചരിത്രത്തിൽ നാല് തവണ
നാല് തവണ പോപ്പുലർ വോട്ടിൽ തോറ്റ സ്ഥാനാർത്ഥികൾ ഇലക്ടറൽ വോട്ടിൽ ജയിച്ച് പ്രസിഡന്റായിട്ടുണ്ട്. 1876ൽ റുതർ ഫോർഡ്. ബി. ഹെയ്സ്, 1888ൽ ബെഞ്ചമിൻ ഹാരിസൺ, 2000ൽ ജോർജ് ഡബ്ലിയു. ബുഷ്, 2016ൽ ഡൊണാൾഡ് ട്രംപ്. നാല് പേരും റിപ്പബ്ലിക്കന്മാരായിരുന്നു.
ഭരണഘടനാ ഭേദഗതി
ഇലക്ടറൽ കോളേജ് അവസാനിപ്പിക്കാൻ ഭരണഘടനാ ഭേദഗതി വേണം. കോൺഗ്രസിന്റെ ഇരു സഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കണം. ഭേദഗതി നാലിൽ മൂന്ന് സംസ്ഥാനങ്ങളും അംഗീകരിക്കുകയും വേണം.
ഇലക്ടറൽ കോളേജ് എന്തിന്?
ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മുൻതൂക്കം കിട്ടുകയും മറ്റ് സംസ്ഥാനങ്ങൾ പിന്തള്ളപ്പെടുകയും ചെയ്യുന്നതിന് പരിഹാരമെന്ന നിലയിലാണ് ഒന്നര നൂറ്റാണ്ടിലേറെ മുമ്പ് ഇലക്ടറൽ കോളേജ് സംവിധാനം കൊണ്ടുവന്നത്. പ്രതിനിധിസഭയിലെ അംഗങ്ങൾക്ക് തുല്യമാണ് ഓരോ സംസ്ഥാനത്തെയും ഇലക്ടർമാരുടെ എണ്ണം. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് പ്രതിനിധിസഭയിൽ കൂടുതൽ അംഗങ്ങളെയും സംസ്ഥാനത്ത് കൂടുതൽ ഇലക്ടർമാരെയും കിട്ടും. ഈ അസന്തുലനം പരിഹരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഒരു സെനറ്റർക്ക് ഒരു ഇലക്ടറെ വീതം അധികം നൽകി. 50 സംസ്ഥാനങ്ങൾക്കും വലിപ്പമോ ജനസംഖ്യയോ നോക്കാതെ രണ്ട് സെനറ്റർമാർ വീതം ഉണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും രണ്ട് ഇലക്ടർമാരെ കൂടി കിട്ടി. ഇത് ചെറിയ സംസ്ഥാനങ്ങൾക്ക് കുറെയൊക്കെ അനുഗ്രഹമായി.
ടൈ വന്നാൽ
ഇലക്ടർമാരുടെ വോട്ട് 269 - 269 എന്ന് വന്നാൽ പുതിയ പ്രതിനിധി സഭ പ്രസിഡന്റിന് വോട്ട് ചെയ്യും. ഒരോ സംസ്ഥാനത്തെയും സാമാജികർ സംഘമായി വോട്ട് ചെയ്യും. അതായത് ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മാത്രം. കൂടുതൽ സംസ്ഥാനങ്ങളുടെ വോട്ട് കിട്ടുന്ന ആൾ പ്രസിഡന്റാവും.
സെനറ്റ് അംഗങ്ങൾ വ്യക്തിപരമായി വോട്ട് ചെയ്ത് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.