modi

പാട്ന: മഹാസഖ്യത്തിനെതിരെ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

നാല്​ വർഷങ്ങൾക്ക്​ മുമ്പ്​ ഉത്തർപ്രദേശിൽ യുവരാജാക്കന്മാർക്ക്​ സംഭവിച്ചത്​ ബിഹാറിലും ആവർത്തിക്കുമെന്ന് മോദി പറഞ്ഞു.

'നാല്​ വർഷം മുമ്പ്​ അധികാരം പിടിക്കാൻ യു.പിയിൽ രണ്ട്​ യുവരാജാക്കന്മാർ കൈ കൊടുത്തു. അവരെ ജനം വീട്ടിലേക്ക്​ തിരിച്ചയച്ചുവെന്ന്​ മോദി ഓർമിപ്പിച്ചു. രാഹുൽ ഗാന്ധിയുടെയും അഖിലേഷ്​ യാദവിന്റെയും പേര്​ പരാമർശിക്കാതെയായിരുന്നു വിമർശനം.

' ഇപ്പോൾ ജംഗിൾരാജിനായി (കാടൻ ഭരണം) രണ്ട്​ യുവരാജാക്കന്മാർ ഒന്നിച്ചിരിക്കുകയാണ്​. ബിഹാറിലെ ജനങ്ങൾ അവരെ ചവറ്റുകുട്ടയിലേക്ക്​ വലിച്ചെറിയും. ഇരട്ട എൻജിനുള്ള സർക്കാരാണ്​ ഇപ്പോൾ ബിഹാറിനെ മുന്നോട്ട്​ നയിക്കുന്നത്. അതേസമയം രണ്ട് യുവരാജാക്കന്മാർ അവരുടെ സിംഹാസനം സംരക്ഷിക്കാനാണ് പോരാടുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

ബിഹാറിലെ ഛപ്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരായ മോദിയുടെ വിമർശനം.

'ബിഹാറിൽ ചിലർ ജനങ്ങൾക്ക് തെറ്റായ പ്രതീക്ഷകൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. അവർ ജനങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തെക്കുറിച്ചും അവരുടെ സ്വന്തം കാര്യത്തെക്കുറിച്ചും മാത്രമേ ആലോചിക്കാറുള്ളൂ. ജനങ്ങളുടെ സമ്പത്തിലാണ് അവരുടെ കണ്ണ്. അവർക്ക് ഒരിക്കലും ജനങ്ങളുടെ ദുരിതം മനസിലാക്കാൻ സാധിക്കില്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പണം തട്ടിയെടുക്കുകയാണ് ആർ.ജെ.ഡി ചെയ്തത്. അവർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് വീണ്ടും ജംഗിൾ രാജ് തിരിച്ചുവരും. എന്നാൽ എൻ.ഡി.എ സർക്കാർ സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ദുരിതങ്ങൾക്ക് അറുതി വരുത്താനാണ് ശ്രമിക്കുന്നത്."- മോദി പറഞ്ഞു.

ബിഹാറിൽ ഇത്തവണയും എൻ.ഡി.എ സർക്കാർ രൂപീകരിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യഘട്ട വോട്ടിംഗ് കഴിഞ്ഞയുടൻ ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ നിതീഷ് കുമാർ ഒരുക്കങ്ങൾ തുടങ്ങി. ഇതിന് മുൻപ് നിരവധി റാലികൾ കണ്ടിട്ടുണ്ട്. എന്നാൽ രാവിലെ 10ന് മുമ്പ് ഇത്രയും വലിയ ജനക്കൂട്ടമുള്ള ഒറു റാലി ഉണ്ടായിട്ടില്ല.- മോദി പറഞ്ഞു.

ബിഹാറിൽ നാല് സ്ഥലങ്ങളിലാണ് മോദിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് റാലി നടക്കുന്നത്. നാളെയാണ് ബിഹാറിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്.