മാഡ്രിഡ് : സൂപ്പർ താരം ലയണൽ മെസിയുമായി ഒത്തുപോകാൻ പ്രയാസമാണെന്ന് വെളിപ്പെടുത്തി ബാഴ്സലോണയുടെ മുൻ പരിശീലകൻ ക്വിക്വെ സെറ്റിയാൻ. ഈ വർഷം ജനുവരിയിൽ വൽവെർദയെ കോച്ച് സ്ഥാനത്തുനിന്ന് പുറത്താക്കിയപ്പോഴാണ് സെറ്റിയാൻ ബാഴ്സയിലെത്തുന്നത്. എന്നാൽ ആറ് മാസം മാത്രമാണ് അവിടെ തുടരാൻ കഴിഞ്ഞത്. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് 8-2ന് തോറ്റതിന് പിന്നാലെ സെറ്റിയാന്റെ കസേര തെറിക്കുകയായിരുന്നു.
വലിയ ക്ളബുകളെയൊന്നും പരിശീലിപ്പിച്ചിട്ടില്ലാത്ത സെറ്റിയാനുമായി ഒത്തുപോകാൻ തുടക്കം മുതൽ മെസി തയ്യാറായിരുന്നില്ല എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അത് ശരി വയ്ക്കുന്ന രീതിയിലാണ് മുൻ സ്പാനിഷ് കോച്ച് വിൻസെന്റ് ഡെൽബുസ്കെയ്ക്ക് ഒപ്പം ഒരു ഫ്രഞ്ച് പത്രത്തിന് സെറ്റിയാൻ നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമാണ് മെസിയെന്നതിൽ തനിക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും അപൂർവപ്രതിഭയാണ് മെസിയെന്നും സെറ്റിയാൻ പറയുന്നു. പക്ഷേ ഒരു കോച്ചെന്ന നിലയിൽ മെസിയെ മാനേജ്ചെയ്യാൻ വലിയ പ്രയാസമാണ്.ഇത്രയും നാൾകൊണ്ട് അദ്ദേഹം ആർജിച്ചെടുത്ത താരപദവി മറ്റാരും പറഞ്ഞാൽ അനുസരിക്കാൻ കൂട്ടാക്കാത്ത ശീലം സൃഷ്ടിച്ചിട്ടുണ്ടെന്നും സെറ്റിയാൻ പറഞ്ഞു.
മെസി അധികം സംസാരിക്കാത്ത ഒരു ഒഴിഞ്ഞ പ്രകൃതക്കാരനാണ്. പക്ഷേ അയാൾ ഉദ്ദേശിക്കുന്ന രീതിയിലല്ലാതെ ഒരു കാര്യവും നടക്കാൻ സമ്മതിക്കില്ല. മെസിയുടെ ചിന്താഗതി മാറ്റാൻ ഞാൻ ആരുമായിരുന്നില്ല. എല്ലാ വലിയ താരങ്ങൾക്കും അത്തരം താൻപോരിമ ഉണ്ടാകാറുണ്ട്.
- ക്വിക്വെ സെറ്റിയാൻ