വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് കേവലം ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമൊക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും പ്രചാരണ പരിപാടികൾ നടത്തിയും പരസ്പരം വാക്പോര് നടത്തിയും വിജയമുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ദേശീയതലത്തിലുള്ള അഭിപ്രായസർവേകൾ ബൈഡനാണ് മുൻതൂക്കം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഫ്ലോറിഡ അടക്കമുള്ള നിർണായക സംസ്ഥാനങ്ങളിൽ നേരിയ മുൻതൂക്കം മാത്രമേ ബൈഡനുള്ളൂ എന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. നിർണായക സംസ്ഥാനമായ ഫ്ളോറിഡയിൽ നിലവിൽ 1.4 പോയിന്റിനുമാത്രമാണ് ബൈഡൻ മുന്നിട്ടുനിൽക്കുന്നതെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ, കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകളും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധവുമെല്ലാം ട്രംപിന് വൻ വെല്ലുവിളി ഉയർത്തുന്നുണ്ട്. രണ്ട് സംവാദങ്ങളിലും ട്രംപിനെതിരെ ബൈഡൻ ആയുധമാക്കിയതും ഈ വിഷയങ്ങളാണ്. ഇതൊടൊപ്പം, അമേരിക്കൻ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലെ 35 സീറ്റുകളിലേക്കുള്ള മത്സരഫലം പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് നിർണായകമാണ്. സെനറ്റ് എതിർപക്ഷത്തിനായാൽ പുതിയ പ്രസിഡന്റിന് ഭരണം എളുപ്പമാകില്ല. നിലവിൽ 53 അംഗങ്ങളുമായി റിപ്പബ്ലിക്കൻ പാർട്ടിക്കാണ് യു.എസ് സെനറ്റിൽ ഭൂരിപക്ഷം. ഡെമോക്രാറ്റുകൾക്ക് 47 സീറ്റുകളാണുള്ളത്. ജഡ്ജ് നിയമനം, ആരോഗ്യസുരക്ഷ, കുടിയേറ്റം തുടങ്ങി എല്ലാ പ്രധാനവിഷയങ്ങളിലും സെനറ്റിന്റെ പിന്തുണ പ്രസിഡന്റിന് ആവശ്യമാണ്. സെനറ്റിൽ ഭൂരിപക്ഷമുള്ളത് കൊണ്ടാണ് ട്രംപ് ഭരണകൂടത്തിന് ഡെമോക്രാറ്റുകൾ എതിർത്തിട്ടും എമി കോൺബാരറ്റിന്റെ ജഡ്ജ് നിയമനം എളുപ്പത്തിലാക്കാനായത്. ജഡ്ജ് നിയമനം, കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങളെ മറികടക്കുന്നതിനുള്ള സുപ്രധാന നയപരിപാടികൾ എന്നിവയാണ് പ്രധാനമായും പുതിയ പ്രസിഡന്റ് നടപ്പാക്കേണ്ടി വരിക. 10 സെനറ്റ് സീറ്റുകളിലേയ്ക്ക് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. അരിസോണ, കൊളറാഡോ, മെയിൻ, നോർത്ത് കരോളിന, ജോർജിയ, മൊണ്ടാന, അയോവ എന്നീ സീറ്റുകളിൽ സിറ്റിംഗ് റിപ്പബ്ലിക്കന്മാർക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരും. അരിസോണയും കൊളറാഡോയും പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഡെമോക്രാറ്റുകൾ.
എന്നാൽ, അലബാമ ഡെമോക്രാറ്റുകൾക്ക് നഷ്ടമാകാനും സാദ്ധ്യതയുണ്ട്. അഞ്ച് സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഡെമോക്രാറ്റുകൾക്ക് പിടിച്ചെടുക്കേണ്ടതുണ്ട്. മെയിൻ, നോർത്ത് കരോളിന, അയോവ എന്നീ സംസ്ഥാനങ്ങൾ നേടാനാണ് പ്രധാനമായും ഡെമോക്രാറ്റുകൾ ശ്രമിക്കുന്നത്. എന്നാൽ, കക്ഷിനില 50: 50 എന്നായാൽ വൈസ് പ്രസിഡന്റിന്റെ വോട്ടവകാശം ഉപയോഗിക്കാം.