വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ റാലികൾ മൂലം കൊവിഡ് രോഗികളായത് 30,000ത്തിലധികം പേർ. 700ലധികം പേർ മരിക്കുകയും ചെയ്തു. സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വെള്ളിയാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡ്
വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതാണ് അമേരിക്ക.ജൂൺ 20 മുതൽ സെപ്തംബർ 22 വരെ 18 തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ ട്രംപ് സംഘടിപ്പിച്ചിരുന്നു.വൻ തോതിൽ ആളുകൾ കൂട്ടം ചേരുന്നത് സാമൂഹിക വ്യാപനത്തിന് കാരണമാകുമെന്നുള്ള ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പുകളെ പിന്തുണയ്ക്കുന്നതാണ് തങ്ങളുടെ പഠനം. പ്രത്യേകിച്ച്, സാമൂഹിക അകലം പാലിക്കാതിരിക്കുകയും മാസ്ക് ധരിക്കാതിരിക്കുമ്പോഴും ചെയ്യുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകുന്നു.ട്രംപിന്റെ റാലിയിൽ പങ്കെടുത്തവർക്ക് വലിയ വില നൽകേണ്ടി വന്നു- ഗവേഷകർ പറയുന്നു.
ആളുകൾ കൂടിച്ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇവയെല്ലാം അവഗണിച്ചാണ് റാലികൾ നടത്തിയത്.കൂടിച്ചേരലുകൾ സൂപ്പർ സ്പ്രെഡിലേക്ക് നയിക്കും. ഇത് പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നു- സി.ഡി.സി നേരത്തെ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.ട്രംപിന്റെ റാലികളിൽ സാധാരണയായി ആയിരം മുതൽ പതിനായിരം പേർ വരെ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് മിക്ക റാലികളിലും ആളുകൾ പങ്കെടുത്തത്. ഇത് സ്ഥിതി ഗുരുതരമാക്കി. ഒരു റാലി സൂപ്പർ സ്പ്രെഡായി മാറുന്നതിനുള്ള സാദ്ധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. തിരഞ്ഞെടുപ്പ് റാലികൾ വഴിയുള്ള രോഗ വ്യാപനം തുറന്നു കാണിക്കുന്നതിനാണ് പഠനം നടത്തിയതെന്ന് ഗവേഷകർ പറയുന്നു.എന്നാൽ, അമേരിക്കക്കാർക്ക് കൂട്ടം ചേരാനുള്ള അവകാശമുണ്ടെന്ന് പ്രചാരണ പ്രവർത്തനങ്ങളുടെ വക്താവ് കോർട്ട്നി പരെല്ല പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവരുടെ ശരീര താപനില പരിശോധിച്ചുവെന്നും പ്രവർത്തകർക്ക് മാസ്കും സാനിറ്റൈസറും നൽകിയെന്നും അവർ പറഞ്ഞു. പ്രസിഡന്റ് ട്രംപിന് നിങ്ങളോട് കരുതലില്ല. സ്വന്തം അനുയായികളെ പോലും പരിഗണിക്കുന്നില്ല." പഠനവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിനോട് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡൻ പ്രതികരിച്ചു.