ശ്രീനഗർ: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ചീഫ് കമാൻഡറെ സുരക്ഷാ സേന വെടിവച്ച് കൊന്നു.
കാശ്മീരിലെ 'മോസ്റ്റ് വാണ്ടഡ് ക്രിമിനലു'കളിലൊരാളും സുരക്ഷാസേനയ്ക്കെതിരായ നിരവധി ആക്രമണങ്ങളിൽ പ്രതിയുമായ ഹിസ്ബുൾ തലവൻ ഡോ. സൈഫുള്ളയാണ് കൊല്ലപ്പെട്ടത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ കാശ്മീർ പൊലീസിന്റെയും സുരക്ഷാസേനയുടെയും 'വൻ വിജയ'മാണിതെന്ന് ജമ്മുകാശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു.
കഴിഞ്ഞ മേയിൽ ഹിസ്ബുൾ തലവനായിരുന്ന റിയാസ് നായിക്കൂവിനെ സേന കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് ഡോ. സൈഫുള്ള അധികാരമേറ്റെടുത്തത്.
തെക്കൻ കാശ്മീരിലെ രംഗ്രെത്തിൽ ഭീകരർ ഒളിച്ചിരുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ. പൊലീസും സി.ആർ.പി.എഫും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തലവനെ തന്നെ വെടിവച്ച് കൊല്ലാൻ കഴിഞ്ഞത്. ഒരു ഭീകരനെ ജീവനോടെ പിടിച്ചതായും സേന അറിയിച്ചു. എട്ടുമണിക്കൂർ നീണ്ട് നിന്ന ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് സൈഫുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു എ.കെ 47 റൈഫിളും ഒരു പിസ്റ്റളും പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ബുധനാഴ്ച ജമ്മു കാശ്മീരിലെ ബുദ്ഗാമിലെ അരിബാഗിൽ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.