ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ചവർക്ക് സർക്കാർ നൽകുന്ന വലിയ അനുഗ്രഹമാണ് പെൻഷനും, മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന ഫാമിലി പെൻഷനും. എന്നാൽ ഫാമിലി പെൻഷനിൽ നിന്നും മെഡിക്കൽ അലവൻസ് നിറുത്തിയത് സംബന്ധിച്ച ഉത്തരവിലെ അവ്യക്തത വൃദ്ധരായ പെൻഷൻകാരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ഉത്തരവ് ഇതാണ് - '22-1-2016ലെ ജി.ഒ.പി. 9 / 16 ഫിൻ ഉത്തരവ് പ്രകാരം 1- 7- 2014 മുതൽ പെൻഷനും മറ്റു ആനുകൂല്യങ്ങളും പരിഷ്കരിച്ച് ഉത്തരവായിട്ടുണ്ടെന്നും ഏതെങ്കിലും പെൻഷനർ, സർവീസ് പെൻഷനും ഫാമിലി പെൻഷനും ഉൾപ്പെടെ രണ്ട് പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ മെഡിക്കൽ അലവൻസ് ഒന്നിനു മാത്രമേ അർഹതയുള്ളൂ എന്നുമാണ്." അതായത് രണ്ടാമത്തെ മെഡിക്കൽ അലവൻസ് 1-7-2014 മുതൽ നിറുത്തലാക്കി എന്നുമാണ് മനസിലാകുന്നത്. എന്നാൽ പെരുമ്പാവൂർ സബ് ട്രഷറി ഓഫീസിൽ ആരംഭകാലം മുതലുള്ളതും, ഗവ. ഉത്തരവിൽ പറഞ്ഞിട്ടില്ലാത്തതുമായ ഉത്സവബത്തയും ഉൾപ്പെടെ ഒരു നല്ല തുക പിടിച്ചുവച്ചിരിക്കുകയാണ്. അതുകൊണ്ട് മെഡിക്കൽ അലവൻസ് നിറുത്തലാക്കിയ കൃത്യമായ തീയതി ട്രഷറി ഓഫീസിൽ നിർദ്ദേശിക്കേണ്ടത് അനിവാര്യമാണ്.
വി. നാരായണൻമാസ്റ്റർ, പെരുമ്പാവൂർ
ഗുരുവിന്റെ കൃതികൾ
സമൂഹത്തിൽ ആഴത്തിൽ വേരോടി നിൽക്കുന്ന ജാതീയപരമായ ഭേദചിന്തകളെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് സൃഷ്ടിക്കാനും സത്യം, ധർമ്മം, സദാചാരം, സാഹോദര്യം, അഹിംസ, ജീവകാരുണ്യം തുടങ്ങിയ സദ്ഗുണങ്ങൾ കൊണ്ട് യുവമനസുകളെ സമ്പന്നമാക്കാനും മാനവ മഹത്വത്തിന്റെ നിത്യപ്രതീകമായ ശ്രീനാരായണ ഗുരുവിന്റെ പ്രബോധനാത്മക കൃതികളായ ജാതി മീമാംസ, ജാതിലക്ഷണം, സദാചാരം, ജീവകാരുണ്യ പഞ്ചകം എന്നിവ സ്കൂൾ തലത്തിൽ പാഠ്യവിഷയമാക്കുന്നത് അഭികാമ്യമായിരിക്കും.
ആർ. പ്രകാശൻ, ചിറയിൻകീഴ്
സ്ഥാനക്കയറ്റം നൽകണം
സംസ്ഥാനത്തെ ആറ് നഗരസഭകളിൽ സ്ഥിരം ജോലി നോക്കുന്ന കണ്ടിജന്റ് ജീവനക്കാർക്ക് യോഗ്യതയ്ക്ക് അനുസരിച്ച് സ്ഥാനക്കയറ്റം ലഭ്യമാക്കണം. കണ്ടിജന്റ് ജീവനക്കാരിൽ എസ്.എസ്.എൽ.സി, പ്ളസ് ടു, ഐ.ടി.ഐ, ഡിഗ്രി നേടിയവർ വരെ ഈ ജോലി നോക്കുന്നുണ്ട്. യോഗ്യതയുള്ളവർക്ക് ഉയർന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം മുപ്പതുവർഷമായി ലഭിക്കുന്നില്ല. യോഗ്യതയുള്ളവർക്ക് പരീക്ഷ നടത്തി സ്ഥാനക്കയറ്റം ലഭ്യമാക്കാൻ വേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടനെ നടപടി ഉണ്ടാവേണ്ടതാണ്.
ഒരു ജീവനക്കാരൻ, നഗരസഭ
പൊലീസ് നിയമനം
കേരളകൗമുദിയിൽ വി.എസ്. ബാലകൃഷ്ണപിള്ള എഴുതിയ കത്ത് വായിച്ചു. കേരള പൊലീസിൽ ഭൂരിഭാഗവും ഉയർന്ന വിദ്യാഭ്യാസമുള്ളവരും അർപ്പണബോധമുള്ളവരുമാണ്. ചില ന്യൂനപക്ഷം തികച്ചും വ്യത്യസ്ത രീതിയിലാണെന്നതിൽ തർക്കമില്ല.
വിദ്യാഭ്യാസത്തോടൊപ്പം ഉദ്യോഗാർത്ഥിയുടെ സാംസ്കാരിക പശ്ചാത്തലം കൂടി പരിഗണിക്കണമെന്ന കത്തിലെ നിർദ്ദേശം ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്.
അബ്ദുൾ വഹീദ്, കല്ലറ