ഈ ഉത്സവകാലം സമ്പത്ത് വ്യവസ്ഥയുടെ ഉത്തേജക കാലംകൂടിയാകാനാണ് സാധ്യത. ആമസോൺ, ഫ്ളിപ്കാർട്ട്, മിന്ത്ര, സ്നാപ് ഡീൽ തുടങ്ങിയുള്ള ഓൺലൈൻ വാണിഭ തട്ടകങ്ങളിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കൾ, മുഖ്യമായും മധ്യവർഗത്തിലുള്ളവർ, ചെലവിട്ടു കൊണ്ടിരിക്കുന്നത് ടൺ കണക്കിന് പണമാണ്.
ഉത്സവാഘോഷങ്ങൾ സാധാരണയായി ധാരാളിത്തത്തിന്റെ സമയമാണെന്നിരിക്കിലും, ഇപ്പോഴത്തെ നവരാത്രിദീപാവലി സീസണിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് മുമ്പൊരിക്കലും കാണാത്ത ഉപഭോഗത്തിമിർപ്പാണ്. കഴിഞ്ഞ വർഷത്തെ ഉത്സവ മാസങ്ങളിൽ (ഒക്ടോബർ, നവംബർ) 380 കോടി ഡോളറിന്റെ (27000 കോടി രൂപ), ഓൺലൈൻ കച്ചവടം നടന്നുവെങ്കിൽ ഇപ്പോഴത് 700 കോടി ഡോളറെങ്കിലും (50000 കോടി രൂപ) ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓൺലൈൻ കച്ചവടത്തിന്റെ പങ്ക് മൊത്തം വാണിഭത്തിന്റെ അഞ്ച് ശതമാനം ആയിരുന്നത് ഒറ്റയടിക്ക് പത്ത് ശതമാനം ആയിത്തീരാൻ ഈ വമ്പൻ വില്പന സഹായിച്ചിരിക്കുന്നു. ഉത്സവകാലത്തേക്കായി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ആമസോൺ പറയുന്നു; ഓൺലൈൻ കമ്പനികളെല്ലാം ചേർന്ന് ഈ പ്രത്യേകകാലത്തേക്കായി മൂന്ന് ലക്ഷം തൊഴിലവസരങ്ങൾഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ വിൽപ്പനക്കാർ നൽകിയ വലിയ ഡിസ്കൗണ്ടുകളും , ബാങ്കുകളുമായി ചേർന്നൊരുക്കിയ സൗകര്യങ്ങളും വില്പനയെ സഹായിച്ചിട്ടുള്ള ഘടകമാകാം. അതുപോലെ, ലോക്ക് ഡൗൺ കാരണം തടസപ്പെട്ടുപോയ പഴയ ഡിമാൻഡിന്റെ ഒഴുക്ക് കൊണ്ടുള്ള വർധനവും ഒരു കാരണമാകാം. എന്നിരുന്നാലും,സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ രാജ്യത്തിന്റെ ജി.ഡി.പി 24 ശതമാനം ഇടിയുകയും, വലിയ തൊഴിൽ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിൽ ഉപഭോഗ ചെലവിൽ ഇപ്പോഴുണ്ടായിരിക്കുന്ന വൻ വർദ്ധനവ് അതിശയകരമാകുന്നു; ഒപ്പം തന്നെ അത് ആശാവഹവുമാകുന്നു. കൂടാതെ മധ്യവർഗത്തിൽപ്പെട്ടവരുടെ സാമ്പത്തികത്തിന് കോവിഡുമൂലം കാര്യമായ ഇടിവൊന്നും സംഭവിച്ചില്ലെന്ന വസ്തുതയും വെളിപ്പെടുന്നു. സാധാരണയിൽ കവിഞ്ഞ വർദ്ധനവ് ഓൺലൈൻ രംഗത്തുണ്ടായെങ്കിലും അത് മറ്റ് രീതിയിലുള്ള കച്ചവടക്കാരെ വലുതായി ബാധിച്ചിട്ടില്ലെന്നും, മറിച്ച്, അവരിൽ മിക്കവരുടെയും വില്പന ഉത്സവകാലത്ത് ഉയർന്നതായിട്ടുമാണ് റിപ്പോർട്ട്.പ്രാദേശികമായുള്ള ഷോപ്പുകളെയും കുഞ്ഞുകടക്കാരേയും ഓൺലൈൻ വാണിഭ കമ്പനികൾ തങ്ങളുടെ വില്പന ശൃംഖലയുടെ ഭാഗമാക്കിയിട്ടുമുണ്ട്. ഇത്തരം ഒരു ലക്ഷത്തിൽപരം കച്ചവടക്കാരെ തങ്ങളുടെ ഉത്സവകാല ഓൺലൈൻ വാണിഭത്തിൽ ഉൾപ്പെടുത്താൻ ആമസോണിന് തന്നെ കഴിഞ്ഞിട്ടുണ്ട്. ഇപ്രകാരമുള്ള രീതികളിലൂടെ ഉപഭോഗ ചെലവിൽ വൻകുതിപ്പുണ്ടാക്കാൻ ഓൺലൈൻ വാണിഭത്തിന് കഴിഞ്ഞിരിക്കുന്നു.
ഒരാളുടെ ചെലവെന്നത് മറ്റുള്ളവരുടെ വരുമാനമാകുമെന്നതിനാൽ, ജനത്തിന്റെ ചെലവിടലു യരുന്നത് രാജ്യത്തിന്റെ മൊത്തം വരുമാനത്തിലും പ്രതിഫലിക്കും. ഒരു പ്രദേശത്തിന്റെ മൊത്തം ചെലവെന്നത് സ്വകാര്യവ്യക്തികളുടെ ഉപഭോഗവും അവരുടെ നിക്ഷേപവും അവയോടൊപ്പം ഈ രണ്ടിനങ്ങളിലുള്ള സർക്കാരിന്റെ ചെലവും കൂടിച്ചേർന്നതാണ്. നമ്മുടെ സമ്പത്ത് വ്യവസ്ഥയുടെ 40 ശതമാനവും സംഭാവന ചെയ്തുകൊണ്ടിരുന്നത് സ്വകാര്യ ഉപഭോഗരംഗമായിരുന്നു. എന്നാൽ ഇതിൽ വലിയ ഇടിവുണ്ടായി. അതിനാണിപ്പോൾ, പൊടുന്നനെ, മാറ്റമുണ്ടായിരിക്കുന്നത്. ഉപഭോഗ ചെലവിലെ വർദ്ധനവ് വരുമാനത്തിലെ ഉയർച്ചയിൽ മാത്രം അവസാനിക്കുന്നില്ല;
അതിനെത്തുടർന്നുള്ള നിക്ഷേപ ഉത്പാദന വർധനവിനും അത് കാരണമാകും. തൊഴിൽവളർച്ചയിലേക്കുനയിക്കുന്ന സംയോജനം കൂടിയാണിത്.ചുരുക്കത്തിൽ, അടിയന്തരമായി ആവശ്യമുള്ളത് സമ്പത്ത് വ്യവസ്ഥക്കുള്ള ഉത്തേജക പാക്കേജല്ല, മറിച്ച്, മധ്യവർഗത്തിലെ ഉപഭോഗ ചെലവിൽ ഇപ്പോഴുണ്ടായിരിക്കുന്ന വർദ്ധനവിനോടൊപ്പം സാധാരണക്കാരുടെ ഉപഭോഗം വളർത്താനുള്ള നടപടികളാണ്. തൊഴിലുറപ്പിലെ കൂലിയും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിക്കാവുന്നതാണ്. പ്രധാനമന്ത്രി കിസാൻ യോജന വഴി കർഷകരിൽ എത്തുന്ന സംഖ്യയും ഉയർത്താവുന്നതാണ്. ഇപ്രകാരം ഉപഭോഗത്തെ ത്രസിപ്പിച്ചുകൊണ്ട് സ്വകാര്യ നിക്ഷേപത്തെയും സർക്കാരിന്റെ ചെലവ് ചെയ്യുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതുമായ ദൗത്യങ്ങളിലൂടെ സാമ്പത്തിക വളർച്ചയുടെ നല്ല നാളുകൾ സൃഷ്ടിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്.