barcelona

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയെ സമനിലയിൽ കുരുക്കി അലാവേസ്

ബാഴ്സലോണ 1- അലാവേസ് 1

മാഡ്രിഡ് : ഗോളിയു‌ടെ മണ്ടത്തരംകൊണ്ട് സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് ലാ ലിഗ മത്സരത്തിൽ വഴങ്ങേണ്ടിവന്നത് സമനില. കഴിഞ്ഞ രാത്രി ഡിപോർട്ടീവോ അലാവേസിനെതിരായ മത്സരത്തിലാണ് ബ്രസീലുകാരനായ ഗോളി നെറ്റോയുടെ അബദ്ധം ബാഴ്സയിൽ നിന്ന് ഉറപ്പായിരുന്ന വിജയം തട്ടിയകറ്റിയത്. അലാവേസ് രണ്ടാം പകുതിയിൽ പത്തുപേരുമായി കളിച്ചിട്ടും വിജയിക്കാൻ മെസിക്കും കൂട്ടർക്കും കഴിഞ്ഞില്ല.

കഴിഞ്ഞയാഴ്ച നടന്ന എൽ ക്ളാസിക്കോയിൽ തോറ്റതിന്റെ ക്ഷീണം ചാമ്പ്യൻസ് ലീഗ് വിജയത്തിലൂടെ മാറ്റിയെടുത്ത് വരവേയാണ് ബാഴ്സയ്ക്ക് സമനില വഴങ്ങേണ്ടിവന്നത്. അലാവേസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 31-ാം മിനിട്ടിലാണ് നെറ്റോയ്ക്ക് തെറ്റുപറ്റിയത്. ജെറാഡ് പിക്വെ നൽകിയ ബാക്ക് പാസ് നിയന്ത്രിക്കുന്നതിൽ നെറ്റോ പരാജയപ്പെട്ടപ്പോൾ സമീപത്തുണ്ടായിരുന്ന അലാവേസ് താരം ലൂയിസ് റിയോയ പാഞ്ഞെത്തി പന്തു തട്ടിയെടുത്ത് വലയിലാക്കുകയായിരുന്നു.ആദ്യപകുതിയിൽ ഈ ഗോളിന് ആതിഥേയർ മുന്നിട്ടുനിന്നു.

62-ാം മിനിട്ടിൽ ജോട്ട പെലെട്ടേറിയോ രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായതിന് പിന്നാലെ ലഭിച്ച ഫ്രീകിക്കിൽ നിന്ന് അൻസു ഫാറ്റി നൽകിയ ക്രോസാണ് അന്റോയിൻ ഗ്രീസ്മാൻ സമനില ഗോളാക്കിയത്. തൊട്ടുപിന്നാലെ മെസിയുടെ ഒരു ശ്രമം അലാവേസ് ഗോളി തട്ടിയകറ്റി. തുടർന്ന് പത്തുപേരുമായി കളിച്ചിട്ടും ബാഴ്സയെ ഗോളടിക്കാൻ അനുവദിക്കാതെ അലാവേസ് വരിഞ്ഞുകെട്ടി.

ഈ സീസണിലെ ആറ് മത്സരങ്ങളിൽ ബാഴ്സയുടെ രണ്ടാം സമനിലയാണിത്. രണ്ട് കളികൾ മാത്രമാണ് ജയിച്ചത്. എട്ടുപോയിന്റുമായി 12-ാം സ്ഥാനത്താണ് ബാഴ്സ. കഴിഞ്ഞരാത്രി 4-1ന് ഹ്യുയേസ്കയെ കീഴടക്കിയ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഏഴ് കളികളിൽ നിന്ന് 16 പോയിന്റുമായി ഒന്നാമതുണ്ട്. 14 പോയിന്റുള്ള റയൽ സോസിഡാഡാണ് രണ്ടാമത്. കഴിഞ്ഞ ദിവസം ഒസാസുനയെ 3-1ന് തോൽപ്പിച്ച് 14 പോയിന്റിലെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതുണ്ട്.

പ്രിമിയർ ലീഗ് : ലിവർപൂൾ ഒന്നാമത്

ലിവർപൂൾ 2- വെസ്റ്റ് ഹാം 1

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ച് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ലിവറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ പത്താം മിനിട്ടിൽ പാബ്ളോ ഫോർനാൽസ് നേടിയ ഗോളിലൂടെ വെസ്റ്റ് ഹാം ആതിഥേയരെ ഞെട്ടിച്ചിരുന്നു. 42-ാം മിനിട്ടിൽ മുഹമ്മദ് സലാ പെനൽറ്റിയിലൂടെ സമനില പിടിച്ചെടുത്ത ലിവപൂളിനെ 85-ാം മിനിട്ടിലെ ജോട്ടയുടെ ഗോളാണ് വിജയിപ്പിച്ചത്.ഏഴുകളികളിൽ നിന്ന് 16 പോയിന്റുമായാണ് ലിവർപൂൾ ഒന്നാമതുള്ളത്.

മറ്റൊരു മത്സരത്തിൽ ചെൽസി 3-0ത്തിന് ബേൺലിയെ തോൽപ്പിച്ചു.ഹക്കിം സിയേഷ്,സൗമ,വെർണർ എന്നിവരാണ് സ്കോർ ചെയ്തത്. 12പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ചെൽസി.