ന്യൂഡൽഹി: എട്ടുമാസത്തിനിടെ ആദ്യമായി ജി.എസ്.ടി സമാഹരണം ഒരുലക്ഷം കോടി രൂപ കടന്നു. ഒക്‌ടോബറിൽ 1.05 ലക്ഷം കോടി രൂപയാണ് ജി.എസ്.ടിയായി കേന്ദ്രം സംസ്ഥാനങ്ങളും ചേർന്ന് സമാഹരിച്ചത്. 2019 ഒക്‌ടോബറിൽ സമാഹരണം 95,379 കോടി രൂപയായിരുന്നു.
കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 19,193 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 25,411 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. 52,540 കോടി രൂപ സംയോജിത ജി.എസ്.ടിയായും 8,011 കോടി രൂപ സെസായും പിരിച്ചു. 80 ലക്ഷം ജി.എസ്.ടി-ആർ 3ബി റിട്ടേണുകളും സമർപ്പിക്കപ്പെട്ടു.
ഉത്സവകാലത്ത് വിപണി സജീവമായതാണ് കഴിഞ്ഞമാസം കരുത്തായത്. 50,000 രൂപയ്ക്കുമേലുള്ള സംസ്ഥാനാന്തര ചരക്കുനീക്കത്തിന് നിർബന്ധമായ ഇ-വേ ബില്ലുകളുടെ എണ്ണം 21 ശതമാനം വർദ്ധിച്ചതും സമ്പദ്‌വ്യവസ്ഥ കരകയറുന്നതിന്റെ സൂചനയാണെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡേ പറഞ്ഞു.
സമാഹരണം ഇതുവരെ
(തുക കോടിയിൽ)
ഏപ്രിൽ : ₹32,712
മേയ് : ₹62,151
ജൂൺ : ₹90,917
ജൂലായ് : ₹87,422
ആഗസ്‌റ്റ് : ₹86,449
സെപ്‌തംബർ : ₹95,449
ഒക്‌ടോബർ : ₹1.05 ലക്ഷം
കുറയുന്ന വരുമാനം
നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ ജി.എസ്.ടി സമാഹരണത്തിൽ കുറവ് 20 ശതമാനമാണ്. കേന്ദ്ര പ്രത്യക്ഷ നികുതി വരുമാനം 22 ശതമാനം, കോർപ്പറേറ്റ് നികുതി വരുമാനം 26 ശതമാനം എന്നിങ്ങനെയും കുറഞ്ഞു.