തിരുവനന്തപുരം : ബംഗളുരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി വിഷയം താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യം കൂടി പരിഗണിച്ച് യോഗത്തിന്റെ തീയതി നിശ്ചയിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.
'അമ്മ' സംഘടനയിലെ അംഗമാണ് ബിനീഷ്. ഫൈവ് ഫിംഗേഴ്‌സ് , ബൽറാം വേഴ്‌സസ് താരാദാസ്, ലയൺ, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അമ്മയുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സിലെ സ്ഥിരം കളിക്കാരനുമാണ്. അതുകൊണ്ടുതന്നെ ബിനീഷ്എ വിഷയം എക്‌സിക്യുട്ടീവിൽ ചർച്ചയ്ക്ക് വരുമെന്നാണ് സൂചന.
ബിനീഷിന് നേരെ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപ് വിഷയത്തിനു ശേഷം പരിഷ്‌കരിച്ച അമ്മ നിയമാവലി അനുസരിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരവും ജനറൽ ബോഡിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരവുമാണ് ഉള്ളതെന്ന് സംഘടന നേരത്തെ അറിയിച്ചിട്ടുണ്ട്.