rohit-shasthry

ദുബായ് : പരിക്കിനെ അവഗണിച്ച് കളിക്കളത്തിലേക്ക് തിരികെയെത്താൻ രോഹിത്ശർമ്മ ധൃതി വയ്ക്കരുതെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ ഉപദേശം. ഐ.പി.എല്ലിനിടെ പേശിവലിവ് അനുഭവപ്പെട്ട രോഹിത് ഉടനെ വീണ്ടും കളിക്കാൻ ഇറങ്ങിയാൽ പരിക്ക് ഗുരുതരമാകുമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ആസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതെന്നും ശാസ്ത്രി പറഞ്ഞു. ആ ഉപദേശം അവഗണിക്കാൻ നിന്നാൽ തന്നെപ്പോലെ പാതിവഴിയിൽ കരിയർ അവസാനിപ്പിക്കേണ്ടിവരുമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

പരിക്കുമൂലം മുംബയ് ഇന്ത്യൻസിന്റെ കഴിഞ്ഞ നാലുമത്സരങ്ങളിലും രോഹിത് കളിക്കാൻ ഇറങ്ങിയിരുന്നില്ല. എന്നാൽ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയ രോഹിത് ഫിറ്റ്നസ് വീണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്ളേ ഓഫിൽ കളിക്കാൻ കഴിയുമെന്നും വാർത്തകൾ പരന്നു. അതോടെ ആസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയതിലും കെ.എൽ രാഹുലിനെ ഏകദിന ഫോർമാറ്റിൽ വൈസ് ക്യാപ്ടനാക്കിയതിലും ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്നാൽ പരിക്ക് മാറിയാലും രോഹിതിന് മതിയായ വിശ്രമം വേണമെന്ന മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിനാലാണ് സെലക്ഷൻ കമ്മറ്റി തീരുമാനമെടുത്തതെന്ന് ശാസ്ത്രി പറയുന്നു.വിശ്രമമില്ലെങ്കിൽ വീണ്ടും പരിക്കേൽക്കാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് രോഹിത് ആസ്ട്രേലിയൻ പര്യടനത്തെക്കാൾ തന്റെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.1991ൽ ആസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ താൻ പെട്ടെന്ന് ടീമിൽ തിരിച്ചെത്താൻ ഡോക്ടർമാരുടെ ഉപദേശം അവഗണിച്ചതാണ് കരിയർതന്നെ അവസാനിപ്പിക്കേണ്ട നിലയിലേക്ക് പോയതെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. അന്ന് മികച്ച ഫോമിലായതിനാലാണ് വിശ്രമിക്കാൻ നിൽക്കാതെ കളിക്കാനിറങ്ങിയത്. പക്ഷേ കരിയർതന്നെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നു. അല്ലെങ്കിൽ അഞ്ചുവർഷംകൂടി ഇന്ത്യൻ ടീമിൽ തുടരാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. പരിക്കേറ്റിരിക്കുന്ന മറ്റൊരു താരമായ ഇശാന്ത് ശർമ്മയ്ക്കും രോഹിതിന് നൽകുന്ന ഉപദേശം ബാധകമാണെന്നും രവി ശാസ്ത്രി പറഞ്ഞു.