സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു. 'ഇൻഫോ ക്ലിനിക്കി'ന്റെ സഹസ്ഥാപകരിൽ ഒരാളും ഡോക്ടറുമായ ജിനേഷ് പി.എസ് ആണ് കെ.പി.സി.സി പ്രസിഡന്റിന്റെ പരാമർശത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇത്തരം പ്രസ്താവനകളിലൂടെ മുല്ലപ്പളിയുടെ ഉള്ളിലുള്ള മനുഷ്യത്വ വിരുദ്ധതയാണ് പുറത്തുവരുന്നതെന്നും ഒരു രാഷ്ട്രീയപ്രവർത്തകന് യോജിച്ച ചിന്താഗതിയല്ല ഇതെന്നും ഡോക്ടർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന മനോവിഷമത്തെ കുറിച്ചും അതിനെ എത്ര നാളെടുത്താണ് അവർ അതിജീവിക്കുന്നതെന്നും കെ.പി.സി.സി അദ്ധ്യക്ഷന് അറിയാമോ എന്നും ഡോ. ജിനേഷ് ചോദിക്കുന്നുണ്ട്.
സോളാർ കേസ് മുൻനിർത്തി യു.ഡി.എഫിനെതിരെ സംസ്ഥാന സർക്കാർ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിലായിരുന്നു മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'ബലാത്സംഗത്തിന് ഇരയായ ഒരു വ്യക്തി അനുഭവിക്കുന്ന ട്രോമ എന്താണെന്ന് അറിയുമോ ? റേപ്പിന് ഇരയായ ഒരു സ്ത്രീ സാധാരണ ജീവിതത്തിലേക്ക് എത്താൻ എന്തുമാത്രം പ്രയാസപ്പെടുന്നുണ്ട് എന്ന് അറിയുമോ ? എത്രമാത്രം മെഡിക്കൽ സഹായം ലഭിച്ചാലും ആ ട്രോമ അതിജീവിക്കാൻ കഴിയാത്തവർ ഈ ലോകത്ത് ഉണ്ട് എന്ന് അറിയുമോ ???
ആ ലോകത്താണ് നിങ്ങളുടെ പ്രസ്താവന. "റേപ്പിന് ഇരയായ സ്ത്രീ, ആത്മാഭിമാനം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യും" എന്ന നിങ്ങളുടെ പ്രസ്താവന.
എന്തൊരു ഹീനമാണ് മുല്ലപ്പള്ളി രാമചന്ദ്രാ, നിങ്ങളുടെ പ്രസ്താവന.
റേപ്പിന് ഇരയായ സ്ത്രീകളല്ല ആത്മഹത്യ ചെയ്യേണ്ടത്. അവരെ റേപ്പ് ചെയ്തവരാണ് ശിക്ഷ അനുഭവിക്കേണ്ടത്. അതിനുപകരം റേപ്പിന് ഇരയായവർ ആത്മഹത്യ ചെയ്യണം എന്നാണ് താങ്കൾ പറഞ്ഞുവെക്കുന്നത്. എന്തുമാത്രം തരംതാണ ചിന്താഗതിയാണിത് ??? പുരുഷ മേധാവിത്ത ചിന്താഗതി മാത്രമല്ലത്, തികഞ്ഞ മനുഷ്യത്വ വിരുദ്ധത കൂടിയാണിത്.
ഈ ട്രോമയെ അതിജീവിച്ച നിരവധി സ്ത്രീകളോടുള്ള വെല്ലുവിളിയാണിത്. ഇങ്ങനെയൊരു ട്രോമ അതിജീവിച്ചവരെ മാതൃകയാക്കുകയാണ് വേണ്ടത്. അല്ലാതെ ആത്മഹത്യ ചെയ്യണം എന്നല്ല പറയേണ്ടത്.
പല തവണ കേരളം ഭരിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനാണ് നിങ്ങൾ. ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ, ഉത്തരവാദിത്വത്തോടെ മാത്രം പ്രസ്താവനകൾ നടത്തേണ്ട ഒരാൾ.
ഇത്തരം മനുഷ്യത്വ വിരുദ്ധതയാണ് മനസ്സിലുള്ളത് എങ്കിൽ ദയവ് ചെയ്ത് നിങ്ങൾ വഹിക്കുന്ന സ്ഥാനമൊഴിയണം. ഒരു രാഷ്ട്രീയപ്രവർത്തകന് യോജിച്ച ചിന്താഗതി അല്ലിത്. മനുഷ്യനെ മനസ്സിലാക്കാത്തവർക്ക് യോജിച്ചതല്ല രാഷ്ട്രീയപ്രവർത്തനം.
ദയവുചെയ്ത് മനുഷ്യരുടെ ക്ഷമയെ പരീക്ഷിക്കരുത്...'