അവസാന ലീഗ് റൗണ്ട് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റ പഞ്ചാബ് കിംഗ്സ് ഇലവൻ പ്ളേ ഓഫ് കാണാതെ പുറത്ത്
രാജസ്ഥാനെ തകർത്തെറിഞ്ഞ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പ്ളേ ഒാഫ് സാദ്ധ്യത നിലനിറുത്തി
നാളെ മുംബയ്യെ തോൽപ്പിച്ചാൽ ഹൈദരാബാദ് പ്ളേ ഓഫിൽ, മുംബയ് ജയിച്ചാൽ കൊൽക്കത്തയ്ക്ക് സ്ഥാനം
ദുബായ് : ഐ.പി.എല്ലിലെ സൂപ്പർ സൺഡേയിൽ നടന്ന നിർണായകമത്സരങ്ങളിലും പ്ളേഓഫിൽ ഇടം നേടിയ നാലാമത്തെ ടീമിനെ ഉറപ്പിക്കാനായില്ല. എന്നാൽ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിനോട് തോറ്റ പഞ്ചാബിന്റെയും രണ്ടാം മത്സരത്തിൽ കൊൽക്കത്തയോട് തോറ്റ രാജസ്ഥാന്റെയും പുറത്താകൽ ഉറപ്പായി.14 മത്സരങ്ങളും പൂർത്തിയാക്കിയ ചെന്നൈ,പഞ്ചാബ്, രാജസ്ഥാൻ എന്നിവർ 12 പോയിന്റിൽ ഒതുങ്ങിയപ്പോൾ കൊൽക്കത്തയ്ക്ക് 14 പോയിന്റായി. എന്നാൽ പ്ളേ ഓഫ് സ്ഥാനം ഉറപ്പാക്കണമെങ്കിൽ നാളെ സൺറൈസേഴ്സ് ഹൈദരാബാദും മുംബയ് ഇന്ത്യൻസും തമ്മിലുള്ള മത്സരം കഴിയണം. ഇതിൽ മികച്ച റൺറേറ്റോടെ ജയിച്ചാൽ ഹൈദരാബാദ് പ്ളേ ഓഫിലേക്ക്. തോറ്റാൽ കൊൽക്കത്തയാകും ആ സ്ഥാനത്ത്. രാജസ്ഥാനെ 60 റൺസിനാണ് കൊൽക്കത്ത കീഴടക്കിയത്. 192 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 131/9 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു.നാലോവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് രാജസ്ഥാന്റെ അന്തകനായത്. റോബിൻ ഉത്തപ്പ(6),ബെൻ സ്റ്റോക്സ് (18),സ്റ്റീവൻ സ്മിത്ത് (4),റയാൻ പരാഗ് (0) എന്നിവരെയാണ് കമ്മിൻസ് പുറത്താക്കിയത്. സഞ്ജുവിനെ (1) ശിവം മാവി മടക്കി അയച്ചു.പൊരുതിനിന്ന ബട്ട്ലറെയും (35) തെവാത്തിയയെയും (31) വരുണും പുറത്താക്കിയതോടെ രാജസ്ഥാന്റെ കാറ്റുപോയി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നായകൻ ഇയോൻ മോർഗൻ(35പന്തുകളിൽ 68 നോട്ടൗട്ട്),ശുഭ്മാൻ ഗിൽ (36), രാഹുൽ ത്രിപാതി (39),ആന്ദ്രേ റസൽ(25) എന്നിവരുടെ പോരാട്ടമികവിലാണ് 191/7ലെത്തിയത്.
പഞ്ചാബിന് കിട്ടിയ പണി
പോകുന്നപോക്കിൽ പഞ്ചാബിന്റെ പ്രതീക്ഷകൾകൂടി തച്ചുതകർത്ത് ചെന്നൈ സൂപ്പർകിംഗ്സിന് ഈ സീസണിലെ അവസാന മത്സരത്തിൽ വിജയം. നേരത്തേതന്നെ പ്ളേ ഓഫ് കാണില്ലെന്ന് ഉറപ്പാക്കിയിരുന്ന ചെന്നൈയ്ക്ക് പഞ്ചാബിനെതിരായ ഒമ്പതുവിക്കറ്റ് വിജയം സീസണിൽ അമ്പേ തകർന്നടിഞ്ഞില്ലെന്ന ആശ്വാസമാണ് നൽകിയതങ്കിൽ പഞ്ചാബിന് പ്ളേ ഓഫ് പ്രവേശനത്തിനുള്ള അവസാന ബസാണ് മിസായത്.
ഇന്നലെ ജയിച്ചാലേ അവസാന നാലിലെത്തൂ എന്ന് ഉറപ്പുണ്ടായിരുന്ന പഞ്ചാബ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 153/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ചെന്നൈ ഏഴ് പന്തുകൾ ബാക്കിനിൽക്കെ ഒരൊറ്റ വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.സീസണിലെ ചെന്നൈയുടെ ആറാം വിജയമായിരുന്നു ഇത്.ആറ് വിജയങ്ങൾ നേടിയിട്ടുള്ള പഞ്ചാബിന്റെ എട്ടാം തോൽവിയും. ആദ്യഘട്ടത്തിൽ പതറിപ്പോയ ധോണിപ്പട അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. അതേസമയം മങ്ങിയ തുടക്കത്തിന് ശേഷം ക്രിസ് ഗെയ്ലിന്റെ വരവോടെ കരുത്താർജജിച്ച പഞ്ചാബ് പ്ളേ ഓഫിന് തൊട്ടടുത്തെത്തിയശേഷമാണ് അവസാനരണ്ട് മത്സരങ്ങൾ തോറ്റ് പുറത്താകുന്നത്.
17 ഓവറിൽ 113 റൺസിലെത്തിയപ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായിരുന്ന പഞ്ചാബിനെ അവസാനഘട്ടത്തിലെ ദീപക് ഹൂഡയുടെ (30പന്തുകളിൽ പുറത്താകാതെ 62 റൺസ്) തർകപ്പൻ ബാറ്റിംഗാണ് 153ലെത്തിച്ചത്. നായകൻ കെ.എൽ രാഹുലും (29) മായാങ്ക് അഗർവാളും (26) ചേർന്ന് മാന്യമായ തുടക്കമാണ് പഞ്ചാബിന് നൽകിയത്. ഇരുവരെയും പുറത്താക്കിയ ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡിയാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്.
സീസണിലെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറി നേടിയ റിതുരാജ് ഗേയ്ക്ക്വാദാണ് (62 നോട്ടൗട്ട്) ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടത്. ഓപ്പണിംഗിൽ ഗേയ്ക്ക്വാദും ഡുപ്ളെസിയും (48) ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തപ്പോഴേ ചെന്നൈ വിജയം ഉറപ്പിച്ചിരുന്നു.34 പന്തുകളിൽ നാലുഫോറും രണ്ട് സിക്സുമടിച്ച ഡുപ്ളെസി 10-ാം ഒാവറിൽ പുറത്തായ ശേഷമെത്തിയ അമ്പാട്ടി റായ്ഡുവിനെ(30)ക്കൂട്ടി റിതുരാജ് വിജയത്തിലെത്തുകയായിരുന്നു.49 പന്തുകളിൽ ആറുഫോറും ഒരു സിക്സുമടിച്ച റിതുരാജാണ് മാൻ ഒഫ് ദ മാച്ച്.
അടുത്ത സീസണിലും കളിക്കുമെന്ന് ധോണി
ദുബായ് : ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ എം.എസ് ധോണി ഈ സീസണോടെ ഐ.പി.എല്ലിൽ നിന്നും വിരമിക്കുമോ എന്ന ആശങ്കയ്ക്ക് നോ എന്ന മറുപടിയുമായി ചെന്നൈ നായകൻ. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിന് ടോസിടാനെത്തിയപ്പോൾ കമന്റേറ്റർ ഡാനി മോറിസണാണ് ഇക്കാര്യം ധോണിയോട് ചോദിച്ചത്. തീർച്ചയായും അല്ല എന്നാണ് ധോണി മറുപടി നൽകിയത്.സീസണിലെ ചെന്നൈയുടെ അവസാന മത്സരമായിരുന്നു ഇത്. അടുത്തകൊല്ലത്തേക്കുകൂടി ചെന്നൈയുമായി ധോണിക്ക് കരാർ ഉണ്ട്.
ഇന്നത്തെ കളി ബാംഗ്ളൂർ Vs ഡൽഹി