ബംഗളുരു: തന്നെ ചെയ്യാത്ത കാര്യങ്ങൾ പറയാൻ ഇ.ഡി അന്വേഷണ സംഘം പ്രേരിപ്പിക്കുന്നതായി ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബിനീഷ് മാദ്ധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
തുടർന്ന് മാദ്ധ്യമങ്ങളിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്താൻ ശ്രമിച്ചപ്പോൾ ബിനീഷ് ക്ഷോഭിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ച് സഹോദരനെ കാണാനായി എത്തിയ ബിനോയിയെയും ഒപ്പമുണ്ടായിരുന്ന അഭിഭാഷകരെയും തടഞ്ഞതാണ് പരാതി ഉയർന്നിട്ടുണ്ട്.
ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് സംശയിക്കുന്നതായി അഭിഭാഷകരും പറയുന്നുണ്ട്. ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥത തോന്നിയതിനാൽ ബിനീഷ് കോടിയേരിയെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർച്ചയായി നാലാംദിവസവും അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിൽ പല നിർണായക വിവരങ്ങളും ലഭിച്ചുവെന്നും വിവരമുണ്ട്. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇന്ന് ഇ.ഡി ഓഫീസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തിരുന്നു.
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇ.ഡി അന്വേഷിക്കുന്നു. ബി കാപിറ്റൽ ഫോറക്സ്, ബി കാപിറ്റൽ സർവീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പനികളിൽ സാധാരണ ഇടപാടുകൾ നടന്നിട്ടില്ലെന്നതാണ് കാരണം. അതിനിടെ ബിനീഷിന്റെ മയക്കുമരുന്ന് ബന്ധം കണ്ടെത്താനുളള നടപടികളുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നീക്കം തുടങ്ങിയിട്ടുണ്ട്.