covid-cases

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു എന്നത് ആശങ്ക ഉയര്‍ത്തുകയാണ്. രാജ്യത്ത് തന്നെ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ രോഗവ്യാപനം കുറയുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേരളത്തിലെ കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്.

നേരത്തെ തിരുവനന്തപുരത്തെ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഭീതി ഉയര്‍ത്തിയതെങ്കില്‍ നിലവില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ചില ജില്ലകളിലെ കണക്കുകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ കേസുകളില്‍ കുറവുണ്ടാകുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ശനിയാഴ്ച തിരുവനന്തപുരത്ത് 790 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇന്ന് 591 പേര്‍ക്ക് മാത്രമാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 8521 പേരാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.


ആശങ്കയാകുന്ന എറണാകുളം

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല എറണാകുളമാണ്. 1042 പേര്‍ക്കാണ് ഇന്ന് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 808 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. നിലവില്‍ 12806 പേരാണ് ഇവിടെ കൊവിഡ് ചികിത്സയിലുള്ളത്. പതിനായിരത്തിലധികം രോഗികള്‍ ചികിത്സയിലുള്ളത് എറണാകുളത്തും തൃശൂരും മാത്രമാണ്.


വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കൊവിഡ് സ്ഥിരീകരിച്ച് 89,675 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത് എറണാകുളത്താണ് 12806 പേര്‍. തിരുവനന്തപുരം 8521, കൊല്ലം 6516, പത്തനംതിട്ട 2638, ആലപ്പുഴ 8134, കോട്ടയം 5387, ഇടുക്കി 1342, തൃശൂര്‍ 10442, പാലക്കാട് 7421, മലപ്പുറം 9151, കോഴിക്കോട് 9498, വയനാട് 826, കണ്ണൂര്‍ 5292, കാസര്‍കോട് 1701 എന്നിങ്ങനെയാണ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.