cv-thivikraman

കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയും സി.വി. ത്രിവിക്രമനും തമ്മിലുള്ള സൗഹൃദത്തിന് രണ്ട് വർഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ത്രിവിക്രമൻ 1973 ലാണ് വയലാറിനെ പരിചയപ്പെടുന്നത്. വയലാർ 1975 ൽ മരിച്ചു. പക്ഷേ രണ്ടു വർഷത്തെ ആ അടുപ്പം ജന്മാന്തര ബന്ധം പോലെയായിരുന്നു. അനശ്വരമായ ഗാനങ്ങളിലൂടെയും കവിതകളിലൂടെയും ഓർമ്മിക്കപ്പെടുന്നുണ്ടെങ്കിലും മലയാള സാഹിത്യത്തിലെ ജ്ഞാനപീഠമായി വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യ അവാർഡ് വയലാറിന്റെ പേരിൽ നിലനിൽക്കുന്നതിൽ ത്രിവിക്രമനുള്ള പങ്ക് സുപ്രധാനമാണ്.

വയലാർ രാമവർമ്മ സ്മാരക സാഹിത്യ ട്രസ്റ്റിന്റെ സെക്രട്ടറിയായി ത്രിവിക്രമനെ നിയോഗിച്ചത് ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റ് കൂടിയായ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു.1976 ൽ ട്രസ്റ്റ് രൂപീകരിച്ചു. 1977 ൽ ആദ്യ വയലാർ അവാർഡ് ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിക്കു നൽകി. കഴിഞ്ഞ 44 വർഷമായി ഒരിക്കൽ പോലും മുടങ്ങാതെ ഒക്ടോബർ 27 ന് വൈകിട്ട് കൃത്യം അഞ്ചരയ്‌ക്ക് അവാർഡ് ദാനം നടക്കുന്നു. ഇക്കുറി കൊവിഡ് സാഹചര്യത്തിൽ രാജ്ഭവനിൽ വച്ചായിരുന്നു അവാർഡ് വിതരണം നടന്നത്. ഏഴാച്ചേരി രാമചന്ദ്രന് അവാർഡ് സമ്മാനിച്ചശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ത്രിവിക്രമനെ പൊന്നാടയണിയിച്ച് ആദരിച്ചു. വയലാർ ട്രസ്റ്റ് സെക്രട്ടറിയായി 45 വർഷം പൂർത്തിയാക്കിയതും 44 വർഷം മികച്ച സംഘാടന പാടവത്തോടെ അവാർഡ് മുന്നോട്ടു കൊണ്ടുപോയതിനുമാണ് ആദരം നൽകിയത്. നവതിയിലെത്തിയ ത്രിവിക്രമന്റെ പ്രവർത്തനരീതിയെക്കുറിച്ച് അറിഞ്ഞ ഗവർണർ അദ്ദേഹത്തെ പ്രശംസിക്കാനും മറന്നില്ല. തൊണ്ണൂറാം വയസിലും ത്രിവിക്രമൻ അവാർഡിന്റെ സംഘാടനത്തിൽ കാട്ടുന്ന താത്‌പര്യം ഗവർണർ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.

കുടിപ്പകയും സ്വജനപക്ഷപാതവും മത്സരവും നിറഞ്ഞുനിൽക്കുന്ന സാഹിത്യരംഗത്ത് പരാതികളില്ലാതെ നാലരപ്പതിറ്റാണ്ട് കാലം അവാർഡ് മുന്നോട്ടു കൊണ്ടുപോയതിന്റെ ക്രെഡിറ്റ് ത്രിവിക്രമന് അവകാശപ്പെട്ടതാണ്. മലയാള സാഹിത്യരംഗം ആ നിലയ്ക്ക് ത്രിവിക്രമനോട് കടപ്പെട്ടിരിക്കുന്നു. അല്ലറചില്ലറ വിമർശനങ്ങളൊക്കെ ഉണ്ടാകാറുണ്ടെങ്കിലും കുറ്റമറ്റ നിലയിലാണ് അവാർഡ് നിശ്ചയിക്കുന്നത്. സാഹിത്യ തത്പരരായ മുന്നൂറോളം പേരിൽ നിന്ന് മികച്ച കൃതികളുടെ അഭിപ്രായം സ്വരൂപിക്കുന്നു. അതിൽ നിന്ന് അഞ്ച് പുസ്തകങ്ങൾ സാഹിത്യരംഗത്തെ ഇരുപത് പേർക്ക് നൽകുന്നു. അവരുടെ വിലയിരുത്തലിൽ ആദ്യം വരുന്ന മൂന്ന് കൃതികളിൽ നിന്ന് ജഡ്ജിംഗ് കമ്മിറ്റി കൂടി അവാർഡ് കൃതി തിരഞ്ഞെടുക്കുകയാണ്. ഉപദേശകസമിതിയും ട്രസ്റ്റ് ഭാരവാഹികളും ഒക്കെയുണ്ടെങ്കിലും കത്തെഴുതുന്നതു മുതൽ പുസ്തകം വാങ്ങുന്നതും കണക്ക് സൂക്ഷിക്കുന്നതും തുടങ്ങി ചടങ്ങ് സംഘടിപ്പിക്കുന്നതുവരെ എല്ലായിടത്തും ത്രിവിക്രമൻ എന്ന ഒറ്റയാൾപ്പട്ടാളത്തിന്റെ കൈയ്യും കണ്ണുമെത്തും. യഥാർത്ഥത്തിൽ വയലാർ അവാർഡ് സംഘാടനം ത്രിവിക്രമന് ജീവിതവ്രതമാണ്.

ജ‌ഡ്‌ജിംഗ് കമ്മിറ്റിയുടെ അഭിപ്രായം അന്തിമായിരിക്കുമെങ്കിലും തങ്ങൾക്കു മുന്നിൽ വരുന്ന മൂന്ന് കൃതികളിൽ നിന്ന് മാത്രമെ അവാർഡിനർഹമായ കൃതി തിരഞ്ഞെടുക്കാനാവുകയുള്ളൂ. ആദ്യ അവാർഡ് ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിയ്ക്കായിരുന്നെങ്കിലും അന്ന് പ്രതികരണം തേടിയവരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയ കൃതി മലയാറ്റൂർ രാമകൃഷ്ണന്റെ യന്ത്രം എന്ന നോവലായിരുന്നു. രണ്ടാമത് എത്തിയത് പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന കൃതിയും. സുകുമാർ അഴീക്കോട്, ജി.കുമാരപിള്ള, കൈനിക്കര കുമാരപിള്ള എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റിയിൽ. അഴീക്കോടും കുമാരപിള്ളയും അഗ്നിസാക്ഷിയ്ക്കായി വാദിച്ചു. യന്ത്രത്തിന് നൽകണമെന്ന് കൈനിക്കരയും. എന്നാൽ ഭൂരിപക്ഷത്തിനു മുന്നിൽ കൈനിക്കര വഴങ്ങി. രണ്ടാം വർഷവും പോപ്പുലർ വോട്ടിംഗിൽ യന്ത്രം തന്നെ മുന്നിൽ വന്നു. പ്രൊഫ.എൻ.കൃഷ്ണപിള്ള, ശൂരനാട് കുഞ്ഞൻപിള്ള, ഡോ.രാഘവൻപിള്ള എന്നിവരായിരുന്നു ജൂറിയിൽ. പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെയ്ക്കാണ് ആ വർഷം അവാർഡ് നൽകിയത്. യന്ത്രത്തിന് മൂന്നാം വർഷമാണ് അവാർഡ് ലഭിച്ചത്. മൂന്ന് ജൂറി അംഗങ്ങളും മൂന്ന് അഭിപ്രായം പറഞ്ഞ വർഷവും ഉണ്ടായിട്ടുണ്ട്. അവാർഡ് നിശ്ചയിക്കുന്ന കമ്മിറ്റിയിൽ മലയാളത്തിലെ ഏറെക്കുറെ എല്ലാ പ്രമുഖ എഴുത്തുകാരും വന്നിട്ടുണ്ട്.

ഈ അവാർഡിനുശേഷം ഇതിലും വലിയ സമ്മാനത്തുകയുള്ള അവാർഡുകൾ സർക്കാർ തന്നെ ഏർപ്പെടുത്തിയെങ്കിലും വയലാർ അവാർഡിന്റെ ഗ്ളാമർ മങ്ങിയിട്ടില്ല. അവാർഡിന്റെ പേരിൽ എന്തെങ്കിലും മുതലെടുപ്പ് നടത്താനോ മറ്റെന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാനോ ത്രിവിക്രമൻ മുതിർന്നിട്ടില്ല. അവാർഡ് നേടിയവരുമായി വലിയ ചങ്ങാത്തത്തിനും പോയിട്ടില്ല. ശ്രീനാരായണ ഗുരുവിന്റെ പ്രിയശിഷ്യൻ കോട്ടുകോയിക്കൽ വേലായുധന്റെ മകനായ ത്രിവിക്രമൻ ഖാദി ബോർഡിൽ സെക്രട്ടറിയായിരുന്നു. എന്താണ് ത്രിവിക്രമന്റെ വിജയരഹസ്യം? നിഴൽപോലെ നിൽക്കുന്ന ഭാര്യ കേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോ.ലളിതയാണ്. മക്കളായ ലക്ഷ്മിയും പാർവതിയും മരുമകൻ സതീശനുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്.

അഞ്ച് വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ച പുതിയ കൃതിക്കാണ് വയലാർ അവാർഡ് നൽകുന്നത്. ഡോ.കെ.അയ്യപ്പപ്പണിക്കർ മാത്രമാണ് ഇത്രയും കാലത്തിനിടയിൽ അവാർഡ് സ്വീകരിക്കാതിരുന്നത്. അന്നും ചടങ്ങ് നടത്തി. വൈകിപ്പോയെന്ന് ആക്ഷേപമൊക്കെ ഉയർന്നിട്ടുണ്ടെങ്കിലും അർഹരായ എല്ലാ എഴുത്തുകാർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. കാലാന്തരത്തിൽ മികച്ച കൃതികൾ പൊതുവെ കുറഞ്ഞുവരുന്നുവെന്ന പരിഭവം ത്രിവിക്രമന് ഇല്ലാതില്ല.