macron

പാരീസ് : പ്രവാചകന്റെ കാർട്ടൂണുമായി ബന്ധപ്പെട്ട് ഇസ്ലീം മതവിശ്വാസികളുമായുള്ള അഭിപ്രായഭിന്നത ലഘൂകരിക്കാന്‍ ശ്രമം നടത്തി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകള്‍ ഞെട്ടിക്കുന്നതാണെന്നും ഫ്രഞ്ച് ഭരണകൂടം അത് സൃഷ്ടിച്ചവരുടെ പിന്നാലെയുണ്ടെന്നും ഒരു അറബ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. അതുമായി ബന്ധപ്പെട്ട പ്രകോപനം മനസിലാക്കുന്നു, എന്നാല്‍ അക്രമം അനുവദിക്കാനാകില്ലെന്നും മാക്രോണ്‍ പറഞ്ഞു.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചതില്‍ സര്‍ക്കാരിന് പങ്കില്ല . എന്നാല്‍ താന്‍ പോരാടാന്‍ ശ്രമിക്കുന്ന 'തീവ്ര ഇസ്ലാം' എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച്‌ മുസ്ലീങ്ങള്‍ക്ക് തന്നെയും ഭീഷണിയാണ്. ഈ മാസം ആദ്യം അധ്യാപകനായ സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനുശേഷം മുസ്‌ലിം മതവിശ്വാസികള്‍ക്കെതിരെ മാക്രോണ്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു - പ്രവാചക കാര്‍ട്ടൂണ്‍ വിഷയത്തോടെ ഫ്രാന്‍സ് ഒരിക്കലും മതനിന്ദാ കാരിക്കേച്ചറുകള്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. "കാരിക്കേച്ചറുകളില്‍ ആളുകള്‍ പ്രകോപിതരാകുമെന്ന് എനിക്ക് മനസിലാക്കാന്‍ കഴിയും, പക്ഷേ അക്രമത്തെ ന്യായീകരിക്കുന്നത് ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല," അദ്ദേഹം പറഞ്ഞു.

ശാന്തത പ്രോത്സാഹിപ്പിക്കുന്നതിനും, അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് താന്‍ നിലകൊള്ളുന്നത് . സംസാരിക്കാനും, എഴുതാനും ,ചിന്തിക്കാനും, വരയ്ക്കാനുമുള്ള സ്വാതന്ത്ര്യം എപ്പോഴും ഫ്രാന്‍സില്‍ ഉണ്ടാകും, മാക്രോണ്‍ പറഞ്ഞു. നബിയുടെ കാര്‍ട്ടൂണുകളെക്കുറിച്ച്‌ രാഷ്ട്രീയ നേതാക്കളില്‍ നിന്നുള്ള വികലമായ പ്രസ്താവനകളെ മാക്രോണ്‍ വിമര്‍ശിച്ചു, പലപ്പോഴും ഇത്തരം പ്രസ്താവനകള്‍ ഫ്രഞ്ച് ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കാന്‍ മതവിശ്വാസികളെ പ്രേരിപ്പിച്ചു.ഇന്ന് ലോകത്ത് ഇസ്ലാമിനെ വളച്ചൊടിക്കുന്നവരുണ്ട്, ഈ മതത്തിന്റെ പേരില്‍ അവര്‍ വാദിക്കുന്നു, അവര്‍ കൊല്ലുന്നു, അറുക്കുന്നു. ഇന്ന് ചില തീവ്രവാദ പ്രസ്ഥാനങ്ങളും വ്യക്തികളും ഇസ്ലാമിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നു, ഇത് അംഗീകരിക്കാനാകില്ലെന്നും മാക്രോണ്‍ പറഞ്ഞു. .