shobha-surendran

സോളാർ വിഷയം പരാമർശിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. മുല്ലപ്പള്ളിയെ പോലെയുള്ള മനുഷ്യർ ഈ നൂറ്റാണ്ടിന് തന്നെ അപമാണെന്നും അൽപ്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ അദ്ദേഹം മാപ്പ് പറഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കേണ്ടതാണെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി ശോഭാ സുരേന്ദ്രൻ പറയുന്നു. ഇതിലും വലിയ അപചയം കോൺഗ്രസിന് സംഭവിക്കാനില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'ലൈംഗീക പീഡനത്തിന് ഇരയായ ഒരു 16 വയസ്സുകാരി തീകൊളുത്തി മരിച്ചതിന്റെ പിറ്റേന്ന് ബലാത്സംഗത്തിന് വിധേയ ആകുന്ന സ്ത്രീയുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നു എന്നും അങ്ങനെയുള്ള സ്ത്രീകൾ ആത്മഹത്യ ചെയ്യുമെന്നും പറയുന്ന ഒരു പാർട്ടി അധ്യക്ഷൻ ഉണ്ടാകുന്നതിലും വലിയ അപചയമൊന്നും കോൺഗ്രസിന് വരാനില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മനുഷ്യർ ഈ നൂറ്റാണ്ടിന് തന്നെ അപമാനമാണ്. ഒരു പൊതുപ്രവർത്തകനായി തുടരാൻ പോലുമുള്ള ധാർമ്മികത അദ്ദേഹത്തിനില്ല. അൽപ്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ മാപ്പ് പറഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കണം. ഇത്തരം നിന്ദ്യമായ വിചാരമണ്ഡലങ്ങൾക്ക് ഇടപെടാൻ കഴിയുന്ന ഒന്നായി നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ മാറ്റിക്കൂടാ...'