saritha

കൊച്ചി: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാർ കേസ് വിവാദ നായിക സരിത എസ്. നായർ. തന്റെ വാക്കുകളിലുള്ള മുല്ലപ്പള്ളിയുടെ ഖേദപ്രകടനം സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ സരിത അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതാക്കളിൽ നിന്നുമാണ് തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും പറഞ്ഞു. മുല്ലപ്പളിക്കെതിരെ വനിതാ കമ്മീഷനിലും ഡി.ജി.പിക്കും താൻ പരാതി നൽകുമെന്നും സരിത പറയുന്നു.

തനിക്കുണ്ടായ ദുരനുഭവങ്ങൾ ഉറക്കെ പറഞ്ഞതുകൊണ്ടാണോ അപമാനിക്കുന്നതെന്ന് മുല്ലപ്പള്ളി പറയണമെന്നും പീഡനത്തിന് ഇരയായ സ്ത്രീ അല്ല അത് ചെയ്യുന്നവരാണ് രണ്ടാമത് സാഹചര്യമുണ്ടാകാതിരിക്കേണ്ടതെന്നും അവർ പറഞ്ഞു. മുല്ലപ്പള്ളിക്ക് അപമാനം തോന്നേണ്ടത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്‍മാരെ ഓര്‍ത്താണെന്നും സരിത പറയുന്നു. ഒരു മലയാള വാർത്താ ചാനലിന്റെ ചർച്ചാ പരിപാടിയിൽ വച്ചായിരുന്നു സരിത മുല്ലപ്പള്ളിയുടെ വാക്കുകളിൽ പ്രതികരിച്ചത്.

'എന്നെ വളരെ മോശമായ ഒരു വാക്ക് ഉപയോഗിച്ചാണ് അദ്ദേഹം എന്നെ വിളിച്ചത്. ആ വാക്ക് ഞാന്‍ വീണ്ടും ഉപയോഗിക്കുന്നില്ല. അങ്ങനെയുള്ള സ്ത്രീകള്‍ക്ക് പ്രത്യേക മാനദണ്ഡം നിശ്ചയിക്കാന്‍ അദ്ദേഹത്തിന് എന്തെങ്കിലും മുന്‍ അനുഭവങ്ങളോ പരിചയങ്ങളോ അനുഭവസമ്പത്തോ കൈമുതലായുണ്ടോ? അങ്ങനെയുള്ള സ്ത്രീകളെ ഗ്രേഡ് ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി എന്താണെന്ന് പറഞ്ഞുമനസിലാക്കിയാല്‍ നന്നായിരുന്നു.' സരിത പറഞ്ഞു.

അദ്ദേഹം തനിക്കെതിരെ ഉപയോഗിച്ച പദം താൻ ആവർത്തിക്കുന്നില്ലെന്നും താൻ അത്തരത്തിലുള്ള ഒരു സ്ത്രീയാണെന്ന് പറയാൻ തക്കവിധത്തിലുള്ള തെളിവ് അദ്ദേഹത്തിന്റെ കൈവശമുണ്ടോ എന്നും സരിത ചോദിച്ചു. മുല്ലപ്പള്ളിക്ക് 'ഉമ്മന്‍ ചാണ്ടിയേയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ള കെ സി വേണുഗോപാലോ, ഹൈബി ഈഡനോ അനില്‍കുമാറോ ആരെയെങ്കിലും കൊണ്ട് എന്നെ ആ മോശം വാക്ക് ഒരു പ്രാവശ്യം വിളിപ്പിക്കാന്‍ സാധിക്കുമോ' എന്നും അവർ ചോദിച്ചു.

'ദുര്‍ബലയായ സ്ത്രീയുടെ മേൽ ഒരു പുരുഷന്‍ ശാരീരികമായി നടത്തുന്ന കടന്നുകയറ്റത്തെയാണ് റേപ്പ് എന്ന് പറയുന്നത്. അത് ആ സ്ത്രീക്ക് തടുക്കാന്‍ സാധിച്ചില്ല എന്നതുകൊണ്ട് ഒരു കുറ്റകൃത്യമായിട്ട് വരുകയും ആ സ്ത്രീ അത് സമ്മതിക്കാത്തതുകൊണ്ട് അത് ഭീകരമായ ഒരു പ്രവൃത്തിയുമാകുന്നു. അങ്ങനെയുള്ള സ്ത്രീകളെല്ലാം മരിക്കണം എന്ന് പറയുന്ന പാര്‍ട്ടിയുടെ നേതാക്കന്‍മാരില്‍ നിന്നാണ് ഒരു പ്രൊജ്ക്ടുമായി വന്നപ്പോള്‍ ദുരനുഭവങ്ങളുണ്ടായിട്ടുള്ളത്.' സരിതയുടെ വാക്കുകൾ ഇങ്ങനെ.

ഉന്നത സ്ഥാനത്തിരുന്നുകൊണ്ട് ഇരയാക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകളെ അപമാനിക്കുന്ന തലത്തിലേക്ക് മുല്ലപ്പള്ളി അധഃപതിച്ച് പോയോ എന്നും സ്ത്രീകളെ അവഹേളിച്ചിട്ടുള്ള സംഘടനയാണ് കോൺഗ്രസെന്നും സരിത ആരോപിച്ചു. പീഡനത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകുന്ന ഒരു സ്ത്രീ രണ്ടാമതൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറയേണ്ടത് സ്വന്തം പാർട്ടിയിലെ നേതാക്കന്മാരോടാണെന്നും അവർ പറഞ്ഞു.

നാക്കുപിഴ എന്തെന്ന് അറിയാത്ത ആളാണോ കോൺഗ്രസിന്റെ തലപ്പത്ത് ഉള്ളതെന്നും അത് കാണുമ്പോൾ ലജ്ജ തോന്നേണ്ടതില്ലേ എന്നും അവർ ചോദിച്ചു. 'ഇനി ഒരു സ്ത്രീയെയും അപമാനിക്കാൻ മുല്ലപ്പളി രാമചന്ദ്രന്റെ നാവ് പൊങ്ങരുതെന്നും'പാർട്ടിയിലെ സ്ത്രീകൾക്ക് എന്ത് സ്ഥാനമാണ് നൽകുന്നതെന്ന് അദ്ദേഹം പറയാതെ പറഞ്ഞുവെന്നും സരിത എസ്. നായർ പറഞ്ഞു.